പകൽ ഡെലിവറി ബാഗ് ചുമക്കും വൈകിട്ട് വോട്ടുതേടി വീടുകളിൽ

Thursday 04 December 2025 9:35 PM IST

കണ്ണൂർ:രാവിലെ മുതൽ ഫ്ളിപ്കാർട്ടിന്റെ പാഴ്സലുകളുമായി ഓരോ വീടുകളിലേക്ക്. വൈകുന്നേരം സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് വോട്ടർമാരുടെ വീടുകളിലേക്കും. കണ്ണൂർ സൗത്ത് ബസാർ ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി ശ്രുതി പുതിയകാലത്ത് സാധാരണക്കാരുടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ നേർചിത്രങ്ങളിലൊന്നാണ്. രാവിലെ ഒമ്പത് മണിക്ക് മൂന്നുവയസുകാരനായ മകൻ ശിവദേവിനെ പ്ലേ സ്‌കൂളിൽ എത്തിക്കണം. ഇതിന് ശേഷം ഉച്ചയ്ക്ക് മൂന്നുമണി വരെ ഫ്ളിപ്കാർട്ട് ഡെലിവറി ജോലിയുടെ തിരക്കിലാകും. ഇത് കഴിഞ്ഞാൽ വൈകുന്നേരം ഏഴുമണി വരെയുള്ള സമയം വോട്ടർമാരെ കാണാനുള്ളതാണ്. തന്റെ മണ്ഡലത്തിലെ ഓരോ വീടിന്റെയും വാതിലിൽ മുട്ടി തന്റെ ആശയങ്ങൾക്ക് വേണ്ടി വോട്ടുതേടിയുള്ള യാത്ര. ആദ്യമായി മത്സരത്തിനിറങ്ങിയ ഈ യുവതിക്ക് ആദ്യത്തെ കടമ്പ തന്റെ സമയത്തെ വരുതിയിലാക്കുകയെന്നതായിരുന്നു. ചുരുക്കം സമയത്തിനുള്ളിൽ സമയനിയന്ത്രണം പ്രാവർത്തികമാക്കി. കുഞ്ഞിനോടുള്ള കരുതൽ, ജോലിയുടെ ഉത്തരവാദിത്തം, രാഷ്ട്രീയ പ്രവർത്തനം, മാതാപിതാക്കളെ സഹായിക്കൽ എന്നിവയെല്ലാം ഒരേസമയം ഏറ്റെടുത്തിരിക്കുകയാണ് ഈ സ്ഥാനാർത്ഥി. പയ്യാമ്പലത്ത് തട്ടുകട നടത്തുന്ന പിതാവ് അജേന്ദ്രനും മാതാവ് ശാന്തിയും മകളുടെ ധൈര്യത്തിന്റെ ഊർജസ്രോതസ്സുകളാണ്. ഈറോഡിൽ ജോലി ചെയ്യുന്ന ഭർത്താവ് ശ്രീരാഗിന്റെ മാനസിക പിന്തുണയും ശ്രുതിയെ മുന്നോട്ടു നയിക്കുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷൻ നഴ്സായി സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള ശ്രുതി കഴിഞ്ഞ പത്തുമാസമായി ഫ്ളിപ്കാർട്ട് ഡെലിവറി സ്റ്റാഫായി പ്രവർത്തിക്കുകയാണ്.ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്കർ ഉൾപ്പെടെയുള്ള പ്രമുഖർ സോഷ്യൽ മീഡിയയിൽ ശ്രുതിയുടെ യാത്ര പങ്കുവെച്ചു.

ഇത് വെറും വ്യക്തിപരമായ അംഗീകാരമല്ല, സാധാരണ തൊഴിലാളികൾക്കും രാഷ്ട്രീയത്തിൽ ഇടമുണ്ടെന്നുള്ള സന്ദേശമാണ്. ഈ വിശ്വാസം ജനവിധിയിൽ തീർച്ചയായും പ്രതിഫലിക്കും- ശ്രുതി (എൻ.ഡി.എ സ്ഥാനാർത്ഥി,​സൗത്ത് ബസാർ ഡിവിഷൻ)​