കാമുകിയെ പണം മുടക്കി പഠിപ്പിച്ചു, ടീച്ചറായി ജോലി കിട്ടിയപ്പോള്‍ ഉപേക്ഷിച്ചു, യുവാവ് ചെയ്തത്

Thursday 04 December 2025 10:09 PM IST

ഭുവനേശ്വര്‍: പണം മുടക്കി യുവാവ് പഠിപ്പിച്ച കാമുകി ജോലി കിട്ടിയതിന് പിന്നാലെ ഇയാളെ ഉപേക്ഷിച്ചു. ഇതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂരില്‍ കൊളാത്തള എന്ന പ്രദേശത്താണ് സംഭവം. പണം മുടക്കുകയും മറ്റ് ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്ത് യുവതിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ യുവതി ബന്ധം അവസാനിപ്പിക്കാനും വിവാഹത്തില്‍ നിന്ന് പിന്‍മാറാനും തീരുമാനിക്കുകയും ഇത് ചതുര്‍ഭുജ് ദാസിനെ അറിയിക്കുകയും ചെയ്തു.

സ്വന്തമായി ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ചാണ് ചതുര്‍ഭുജ് തന്റെ കാമുകിയെ പഠനത്തില്‍ സാമ്പത്തികമായി ഉള്‍പ്പെടെ സഹായിച്ചത്. ഇരുവരും തമ്മില്‍ 14 വര്‍ഷമായി അടുപ്പത്തിലായിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും പഠനത്തിലുള്ള താത്പര്യം മനസ്സിലാക്കിയാണ് യുവാവ് കാമുകിയെ സഹായിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ജോലി ലഭിച്ചതിന് പിന്നാലെ കാമുകി തന്നെ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ചതുര്‍ഭുജിന്റെ കുടുംബം ആരോപിച്ചു. ജോലി ലഭിച്ചതിന് ശേഷം കാമുകി ചതുര്‍ഭുജില്‍ നിന്ന് അകലുകയും ഏറെക്കാലമായി ചര്‍ച്ചയിലുണ്ടായിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.