പാഞ്ഞാൾ പന്ത്രണ്ടാം വാർഡ് വടക്കേപ്പാട്ടെ കുടുംബക്കാര്യം !

Friday 05 December 2025 12:22 AM IST

ചെറുതുരുത്തി: അതിരാത്ര ഭൂമിയായ പാഞ്ഞാൾ പഞ്ചായത്തിലെ 12ാം വാർഡ് തെക്കുമുറിയിൽ മൂന്ന് മുന്നണികൾക്കായി മത്സരിക്കുന്നത് ഒരേ കുടുംബത്തിലെ മൂന്ന് വനിതകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കണ്ണമ്മയെന്ന ഗിരിജ വടക്കേപ്പാടും യു.ഡി.എഫ് സ്ഥാനാർത്ഥിയായി രേണുക വടക്കേപ്പാട്ടും എൻ.ഡി.എ സ്ഥാനാർത്ഥിയായി ജയശ്രീ വടക്കേപ്പാട്ടുമാണ് പോരാട്ടത്തിനിറങ്ങുന്നത്. രേണുകയും ജയശ്രീയും സഹോദരിമാരാണ്. ഇവരുടെ അമ്മയുടെ സഹോദരിയാണ് ഗിരിജ.

കുടുംബാംഗങ്ങൾ വിവിധ പാർട്ടികളോട് അനുഭാവം പുലർത്താറുണ്ടെങ്കിലും, ഒരേ തിരഞ്ഞെടുപ്പിൽ, ഒരേ വാർഡിൽ മൂന്ന് പ്രധാന മുന്നണികളുടെ ബാനറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ നേർക്കുനേർ വരുന്നത് അപൂർവതയാണ്. മൂന്നുപേരും കന്നിയങ്കത്തിനാണ് ഇറങ്ങുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ രേണുക 15 വർഷത്തോളമായി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. ജയശ്രീ ലാബ് ടെക്‌നീഷ്യനാണ്. ഗിരിജ വീട്ടമ്മയും.

16 വാർഡുള്ള പാഞ്ഞാൾ പഞ്ചായത്ത് 18 വാർഡായതോടെ പന്ത്രണ്ടാം വാർഡ് നിലവിൽ ഒരു പാർട്ടിയോടും ചായ്‌വില്ലാത്ത നിലയിലാണ്. പല വാർഡുകളിൽ നിന്നുള്ള ഭാഗങ്ങൾ ചേർത്തുണ്ടാക്കിയതാണ് ഈ വാർഡ്. സ്വന്തം കുടുംബങ്ങളിലെ വോട്ടുകൾ എങ്ങോട്ട് തിരിയുമെന്ന ആശങ്കയുണ്ടെങ്കിലും ആര് ജയിച്ചാലും വടക്കേപ്പാട്ട് കുടുംബത്തിലെ ഒരംഗം ജയിക്കുമല്ലോയെന്ന ആശ്വാസത്തിലാണ് മൂവരും.

രാഷ്ട്രീയത്തിൽ മാത്രമേ മൂന്ന് പാർട്ടിയിൽ നിൽക്കുന്നുള്ളൂ. കുടുംബങ്ങളിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്.

ഗിരിജ, രേണുക, ജയ