ഒഴിവായത് ആകാശ ദുരന്തം
സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ട ഇനമായ ആകാശ ഭക്ഷണശാലയിൽ (സ്‌കൈ ഡൈനിംഗ് ) കുട്ടികളടക്കമുള്ള സഞ്ചാരികൾ കുടുങ്ങിയത് നാടിനെയാകെ മുൾമുനയിൽ നിറുത്തി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു ആകാശ ദുരന്തം തന്നെയാണ് ഒഴിവായത്. മൂന്നാറിനടത്ത് ആനച്ചാലിന് സമീപം സ്വകാര്യ സംരംഭകർ നടത്തുന്ന ആകാശ ഭക്ഷണശാല (സ്‌കൈ ഡൈനിംഗിൽ) കുടുങ്ങിയ രണ്ടും ആറും വയസുള്ള രണ്ട് കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികളെയും ജീവനക്കാരിയെയുമാണ് ഫയർഫോഴ്സ് സംഘം രണ്ടര മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൂന്നാറിനടുത്ത് ആനച്ചാൽ ടൗണിന് സമീപം ആനച്ചാൽ ഇരുട്ടുകാനം റോഡരികിൽ സ്വകാര്യ സംരംഭകർ നടത്തി വരുന്ന ആകാശ ഭക്ഷണശാലയിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. കോഴിക്കോട് തിരുത്തിയാട് സ്വദേശികളായ ഡ്രീം സിറ്റി ഫ്ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് സഫ്വാൻ (31), ഭാര്യ തൗഫീന (25), മക്കൾ ഇവാൻ (ആറ്), ഇനാറ (രണ്ട്), ജീവനക്കാരി ഹരിപ്രിയ (28) എന്നിവരാണ് സ്‌കൈ ഡൈനിംഗിൽ കുടുങ്ങിയത്. 120 അടി ഉയരത്തിൽ വച്ച് സ്‌കൈ ഡൈനിംഗിലെ ഹൈഡ്രോളിക് സംവിധാനത്തിന്റെ സെൻസർ തകരാറിലായതിനെ തുടർന്ന് തിരികെ ഇറങ്ങാൻ സാധിച്ചില്ല. ആകാശ ഭക്ഷണശാല ജീവനക്കാർ ഏറെ പരിശ്രമിച്ചിട്ടും താഴെയിറക്കാൻ സാധിക്കാൻ സാധിച്ചില്ല. തുടർന്നാണ് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഈ സമയം സ്‌കൈ ഡൈനിംഗിൽ പ്രത്യേക പരിശീലനം ലഭിച്ച ഹരിപ്രിയ കുടുംബത്തെ ആശ്വസിപ്പിച്ചു. സ്ഥലത്തെത്തിയ മൂന്നാർ, അടിമാലി ഫയർഫോഴ്സ് സേനാംഗങ്ങൾ രണ്ടര മണിക്കൂറിലേറെ കഷ്ടപ്പെട്ട് റോപ്പ് ഉപയോഗിച്ച് ഓരോരുത്തരെയായി താഴെയിറക്കി. വൈകിട്ട് അഞ്ചോടെയാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്.
അതുവരെയില്ലാത്ത സ്റ്റോപ്പ് മെമ്മോ
ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്‌കൈ ഡൈനിംഗിൽ (ആകാശ ഭക്ഷണശാല) ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. രണ്ട് മാസം മുമ്പാണ് ആനച്ചാലിൽ ആകാശ ഭക്ഷണശാല തുറന്നത്. അരമണിക്കൂറിന് ഇവിടെ ചെലവഴിക്കാൻ മുതിർന്നവർക്ക് ആയിരം രൂപയാണ്. കുട്ടികൾക്ക് പൈസ ഈടാക്കാറില്ല. ഒരു ടീമിന് അരമണിക്കൂറലേറെ സമയമാണ് ഉയരത്തിൽ നിർത്തുന്നത്. ഒരേ സമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിൽ ഉള്ളത്. ഉച്ചയ്ക്ക് ഊണും ബിരിയാണിയും വൈകുന്നേരങ്ങളിൽ ചായയും പലഹാരങ്ങളും ഒക്കെയാണ് ഭക്ഷണമായി നൽകുന്നത്. വലിയ ഒരു ഡൈനിങ് ടേബിളും അതിനു ചുറ്റും 15 കസേരകളും മേൽക്കൂരയും അടങ്ങിയതാണ് സ്‌കൈ ഡൈനിങ് യൂണിറ്റ്.
കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടെ അംഗീകാരമുള്ള സ്ഥാപനമാണിതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. അതേസമയം വേണ്ടത്ര അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. ആകാശ ഭക്ഷണശാല സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോളിക് ക്രെയിനിന്റെ ഗുണനിലവാരമില്ലായ്മയാണ് ആകാശമദ്ധ്യേ സഞ്ചാരികൾ കുടുങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. വിവരം ഫയർഫോഴ്സിനെ അറിയിക്കാൻ വൈകിയതായും ആരോപണമുണ്ട്. നാട്ടുകാർ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്വയം പുറപ്പെടുകയായിരുന്നെന്ന് അടിമാലിയിലെയും മൂന്നാറിലെയും അഗ്നി രക്ഷാസേനാംഗങ്ങൾ പറഞ്ഞു.
ഈ ആകാശഭക്ഷണ ശാലയ്ക്ക് തകരാറുണ്ടായി വിനോദസഞ്ചാരികൾ കുടുങ്ങിയതിന് പിന്നാലെ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സതേൺ സ്‌കൈസ് എയ്രോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസുമെടുത്തു. രണ്ട് മാസത്തോളം അധികൃതരുടെ കൺമുന്നിൽ പ്രവർത്തിച്ചപ്പോൾ ആർക്കും അസ്വാഭാവികതകളൊന്നും തോന്നിയില്ല. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ സാഹസിക വിനോദം നടത്തിയതിനെതിരെയാണ് നടപടി. നടത്തിപ്പുകാരായ സോജൻ, ഉടുമ്പന്നൂർ പുളിക്കമറയിൽ പ്രവീൺ എന്നിവർക്കെതിരെയാണ് വെള്ളത്തൂവൽ പൊലീസ് കേസെടുത്തത്.
സുരക്ഷാസംവിധാനങ്ങളൊന്നുമില്ല
ക്രെയിൻ ഉപയോഗിച്ച് നടത്തുന്ന ഈ സാഹസിക വിനോദ കേന്ദ്രത്തിൽ സാങ്കേതിക തകരാർ മൂലം ആരെങ്കിലും കുടുങ്ങിയാൽ അവരെ താഴെ എത്തിക്കുന്നതിനുള്ള യാതൊരു പകര സംവിധാനങ്ങളും ഇവിടെ ഇല്ലായിരുന്നു. സ്‌കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടും സ്ഥിരീകരിച്ചു. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല. അക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കളക്ടർ പറഞ്ഞു. സാഹസിക വിനോദങ്ങൾക്ക് അനുമതി നൽകാൻ ജില്ലാ തലത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് കളക്ടർ . വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും സമിതി രൂപീകരിക്കുക. ജില്ലയിൽ ഇത്തരത്തിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെ എന്ന കാര്യത്തിൽ ഒരു ലിസ്റ്റ് ഉണ്ടാകാനാണ് ആദ്യം ശ്രമിക്കുന്നത്. ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. അനുമതിയില്ലെന്ന് കണ്ടെത്തിയാൽ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നടപടിയെടുക്കാനാവില്ല
സാഹസിക വിനോദങ്ങളുടെ പട്ടികയിലില്ലാത്തതിനാൽ ടൂറിസം വകുപ്പിന് നടപടിയെടുക്കാനാവില്ലെന്നും പ്രവർത്തന മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കണമെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സ്‌കൈ ഡൈനിംഗ് നിലവിൽ സാഹസിക ടൂറിസം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇടുക്കിയിൽ ഇത്തരത്തിലുള്ള ഒരേയൊരു സംരംഭമാണ് ആനച്ചാലിലേത്. സംസ്ഥാനത്ത്, ബേക്കലിലുൾപ്പെടെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സ്‌കൈ ഡൈനിംഗ് എന്ന സാഹസിക വിനോദം നിലവിലുള്ളത്. ഇത്തരം വിനോദങ്ങളുടെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സംവിധാനമില്ലാത്തതിനാൽ പഞ്ചായത്ത് അനുമതി വേണ്ടെന്ന സർക്കാർ ഉത്തരവുണ്ട്. അതേസമയം, അനുമതി നൽകേണ്ട അധികാരികൾ ഇതിന് വേണ്ട ചട്ടങ്ങൾ രൂപീകരിച്ചിട്ടുമില്ലെന്നതാണ് വൈരുദ്ധ്യം.