വിമാനയാത്രക്കാരെ വലയ്ക്കരുത്

Friday 05 December 2025 2:23 AM IST

വിവിധ കാരണങ്ങളാൽ വിമാന സർവീസുകൾ മുടങ്ങാം. കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം വിമാനം മുടങ്ങുന്നത് ആർക്കും ഒഴിവാക്കാനാകില്ല. എന്നാൽ പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും ക്ഷാമം കാ‌രണം നൂറുകണക്കിന് വിമാന സർവീസുകൾ മുടങ്ങുകയും വൈകുകയും ചെയ്യുന്നത് വിമാനയാത്രക്കാരെ വലയ്ക്കുന്നതിനു തുല്യമാണ്. വിമാനക്കമ്പനികളുടെ ചെക്ക് - ഇൻ സംവിധാനത്തിലെ തകരാർ, ഇൻഡിഗോയിലെ പൈലറ്റ് ക്ഷാമം തുടങ്ങിയ കാരണങ്ങളാൽ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് വിമാന സർവീസുകളാണ് മുടങ്ങിയത്. ഇൻഡിഗോയുടെ മാത്രം 200 സർവീസുകളാണ് ബുധനാഴ്ച റദ്ദായത്. സർവീസുകൾ പൂർണതോതിലാവാൻ രണ്ടുദിവസം കൂടി വേണ്ടിവരുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

സാങ്കേതിക പ്രശ്നങ്ങൾ, ഷെഡ്യൂൾ മാറ്റം, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം തുടങ്ങിയ കാരണങ്ങളാണ് സർവീസ് മുടങ്ങാൻ കാരണമായി ഇൻഡിഗോ പറയുന്നത്. ഇതിൽ മോശം കാലാവസ്ഥ ഒഴികെ മറ്റ് പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർവീസ് നടത്തുന്ന കമ്പനികൾ തന്നെയാണ്. ഡ്യൂട്ടി ടൈം ചട്ടമാണ് സർവീസ് മുടങ്ങാൻ ഏറ്റവും പ്രധാന കാരണമായതെന്നാണ് വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബർ ഒന്നിനാണ് നടപ്പായത്. ഇതു നടപ്പാകുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകൾ തടസം കൂടാതെ നടത്താൻ കൂടുതൽ പൈലറ്റുമാരെ ക്രമീകരിക്കാതിരുന്നതാണ് സർവീസുകൾ കൂട്ടത്തോടെ മുടങ്ങാനിടയാക്കിയത്. രോഗാവസ്ഥയിൽ പോയ പൈലറ്റുമാരെ വരെ തിരിച്ചുവിളിക്കേണ്ടിവന്നതും ഗുരുതര വീഴ്ചയായി കാണണം.

ചെക്ക് - ഇൻ സംവിധാനത്തിലെ തകരാറാണ് ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ, സ്‌പൈസ് ജറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്‌‌പ്രസ് തുടങ്ങിയ കമ്പനികളുടെ സർവീസുകൾ മുടങ്ങാനും മണിക്കൂറുകൾ വൈകാനും ഇടയാക്കിയത്. ഈ സംവിധാനം തകരാറിലായതിനാൽ മാന്വലായിട്ടാണ് പല വിമാനത്താവളങ്ങളിലും ചെക്ക് - ഇൻ, ബാഗേജ് നടപടികൾ പൂർത്തിയായത്. ഇതിനിടെ മൈക്രോസോഫ്‌റ്റ് വിൻഡോസിന്റെ തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നും മൈക്രോസോഫ്‌റ്റ് വിൻഡോസിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും മൈക്രോസോഫ്റ്റിന്റെ അധികൃതർ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിൽ നിന്ന്, ശരിയായ കാരണങ്ങളല്ല കമ്പനികൾ യാത്രക്കാരെ അറിയിക്കുന്നതെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

നവംബറിൽ മാത്രം 1232 സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ടിവന്നെന്നാണ് ഡി.ജി.സി.എയ്ക്ക് ഇൻഡിഗോ നൽകിയിരിക്കുന്ന വിവരം.

ഡ്യൂട്ടി ടൈം വ്യവസ്ഥ പാലിക്കേണ്ടിവന്നതിനാലാണ് 755 സർവീസുകൾ റദ്ദാക്കേണ്ടിവന്നത്. നവംബറിൽ ആകെ 67.7 ശതമാനം സർവീസുകൾക്കു മാത്രമേ സമയം പാലിക്കാൻ കഴിഞ്ഞുള്ളൂ. ഒക്ടോബറിൽ ഇത് 84.1 ശതമാനമായിരുന്നു. ഇതിൽ നിന്ന് മനസിലാക്കേണ്ടത് ഡ്യൂട്ടി ടൈം ചട്ടം വരുന്നതിനു മുമ്പും സർവീസുകൾ അടിക്കടി മുടങ്ങിയിരുന്നു എന്നാണ്. ഡി.ജി.സി.എയും കേന്ദ്ര വ്യോമയാന മന്ത്രാലയവും അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെടുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടതാണ്. പഴയ കാലത്ത് വിമാനം മുടങ്ങിയാൽ സമ്പന്നരുടെ യാത്ര മാത്രമാണ് മുടങ്ങിയിരുന്നത്. ഇന്നാകട്ടെ, അതല്ല സ്ഥിതി. സാധാരണക്കാർ പോലും ജോലിയുടെയും വിദ്യാഭ്യാസത്തിന്റെയും മറ്റും ആവശ്യത്തിനായി യാത്രചെയ്യാൻ വിമാന സർവീസുകളെ കൂടുതലും ആശ്രയിക്കുന്നുണ്ട്. സർവീസ് മുടങ്ങുന്നത് ചിലരുടെ ഭാവിയെത്തന്നെയാണ് ചിലപ്പോഴെങ്കിലും പ്രതികൂലമായി ബാധിക്കുന്നത്. അതിനാൽ ആകാശയാത്രയിലെ ഈ അനിശ്ചിതത്വം എത്രയും വേഗം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.