'19-ാം വാർഡിന് ഞാൻ നൽകിയ ചങ്ങാതി'. കലാഭവൻ മണി സ്മരണകളിൽ വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി
ചാലക്കുടി: '19-ാം വാർഡിന് ഞാൻ നൽകിയ ചങ്ങാതി'. നഗരസഭയിലെ വെട്ടുകടവ് വാർഡിൽ മത്സരിക്കുന്ന സി.എസ്.സുരേഷിന്റെ മണിയോടൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡും പ്രചാരണ വാക്കുകളും കൗതുകമാകുന്നു. ചുമ്മാതെ വച്ച ബോർഡുകളല്ല ഇവയെന്നും ഇതിന് പിന്നിൽ സ്‌നേഹത്തിന്റേയും ആത്മബന്ധത്തിന്റേയും കഥയുണ്ടെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുരേഷ് പറയുന്നു. കലാഭവൻ മണി, 2010 ലെ നഗരസഭ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കിയ രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു വിനു എന്ന സുരേഷ്. സെന്റ് മേരീസ് ചർച്ച് വാർഡിലായിരുന്നു മത്സരം. തൊട്ടടുത്ത ചേനത്തുനാട് വാർഡിൽ ആന്റു വടക്കനായിരുന്നു രണ്ടാമൻ. ഇരുവരുടേയും ചിഹ്നമാകട്ടെ മണിയും. ഇവർ തന്നെയാണ് മണിയോടുള്ള നന്ദി സൂചകമായി ബാലറ്റിലും മണി അടയാളം തെരഞ്ഞെടുത്തത്. ഫലം വന്നപ്പോൾ ഇരുവരും കൗൺസിലർമാരായി. നേരിട്ട് വീടുകളിൽ ചെന്നാണ് അന്ന് മണി തന്റെ ചങ്ങാതികൾക്ക് വേണ്ടി വോട്ട് ചോദിച്ചത്. പിന്നത്തെ തിരഞ്ഞെടുപ്പിൽ ഇവരും മത്സരിച്ചില്ല. 2020ൽ സുരേഷ് അതേ വാർഡിൽ കുട ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചു. ഇതേ അടയാളത്തിലാണ് വെട്ടുകടവ് വാർഡിൽ നിന്നുള്ള ഇത്തവണത്തെ മത്സരം.