സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അപമാനിച്ച യുട്യൂബർ അറസ്റ്റിൽ
Friday 05 December 2025 12:02 AM IST
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി ജെറിൻ.പി (39) അറസ്റ്റിലായി. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.കോട്ടയം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.
അതിജീവിതയെ നവംബർ 30ന് വൈകിട്ട് മോശമായും ലൈംഗികമായും പരാമർശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഒഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി.വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ നവംബർ 2ന് ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിന്റെ യു.ആർ.എൽ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതിയും കൃത്യത്തിന് ഉപയോഗിച്ച ഉപകരണവും കോട്ടയം സൈബർ പൊലീസ് പരിധിയിലാണുള്ളതെന്ന് കണ്ടെത്തി.കേസ് അവിടേക്ക് കൈമാറി.