ചെങ്കലിൽ രണ്ട് വീടുകളിൽ മോഷണം, 28 പവനും 3 ലക്ഷം രൂപയും കവർന്നു
Friday 05 December 2025 12:09 AM IST
പാറശാല: ചെങ്കലിലെ രണ്ട് വീടുകളുടെ വാതിലുകൾ തകർത്ത് 28 പവനും 3 ലക്ഷത്തോളം രൂപയും 2 ഫോണുകളും കവർന്നു. തക്കംനോക്കി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം നടന്നത്. വട്ടവിള ഈഴക്കോണം അഞ്ജന ഭവനിൽ വിപിൻകുമാറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണ്ണാഭരണങ്ങളും 75,000 രൂപ, മൂന്ന് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. തോട്ടിൻകര പെരിഞ്ചേരി വീട്ടിൽ അനിൽ കുമാറിന്റെ വീട്ടിലെ അലമാരയിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണങ്ങളും 2 ലക്ഷംരൂപയും 2 മൊബൈൽ ഫോണുകളുമാണ് കള്ളന്മാർ കവർന്നത്.രണ്ട് വീടുകളിലെയും മുൻവശത്തെ വാതിലുകൾ തകർത്താണ് തസ്‌ക്കരൻമാർ മോഷണം നടത്തിയത്. രണ്ട് വീടുകളിലും വീട്ടുകാർ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.തുടർന്ന് ഇരുവീട്ടുകാരും പാറശാല പൊലീസിന് പരാതി നൽകി.