മുണ്ടിനീര് പടരുന്നു, സ്കൂളുകളിൽ ആശങ്ക

Friday 05 December 2025 12:30 AM IST

ആലപ്പുഴ : ജില്ലയിൽ മസ്തിഷ്ക ജ്വരവും മുണ്ടിനീരും വ്യാപകമായതോടെ നാട്ടുകാർ ആശങ്കയിൽ. മുണ്ടിനീര് പടർന്ന സാഹചര്യത്തിൽ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടേണ്ടി​ വന്നു. ഉ​മി​നീ​ര്,ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തു​വ​രു​ന്ന സ്ര​വ​ങ്ങൾ ഇ​വ​യു​ടെ ക​ണി​ക​കൾ വാ​യു​വിൽ ക​ല​രു​ന്ന​തു​മൂ​ല​വും രോ​ഗി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യും രോ​ഗി കൈ​കാ​ര്യം ചെ​യ്യു​ന്ന വ​സ്തു​ക്കൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യുമാണ് രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്നത്.

മുണ്ടിനീര് ഭേദമാക്കാനാകുന്നതാണെങ്കിലും പകർച്ചാസാദ്ധ്യത കൂടുതലാണെന്നതാണ് ആശങ്ക ഉയർത്തുന്നത്. മുണ്ടിനീര് ചിലപ്പോൾ മസ്തിഷ്‌കവീക്കത്തിനും കേൾവിക്കുറവിനും വൃഷണങ്ങളിലെ വീക്കം കാരണമാകും. ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചാൽ ഗു​രു​ത​ര​മാ​യ എൻ​സ​ഫ​ലൈ​റ്റി​സ് എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.

മുണ്ടിനീര് റിപ്പോ‌ർട്ട് ചെയ്തതോടെ അമ്പലപ്പുഴ എച്ച്.ഐ.എൽ.പി സ്കൂൾ,​ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ എൽ.പി വിഭാഗം,

കലവൂർ ഗവ.ഹൈസ്കൂൾ, തമ്പകച്ചുവട് യു. പി സ്‌കൂൾ എന്നിവിടങ്ങളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം

എന്നിവയ്ക്ക് ആഴ്ചകളോളമാണ് അവധി നൽകിയത്.

അവധി​ നൽകി​യത് 5 സ്കൂളുകൾക്ക്

 മുണ്ടിനീര് ബാധിച്ചതോടെ മൂന്നാഴ്ചക്കി​ടെ 5 സ്കൂളുകൾക്കാണ് 21 ദിവസം അവധി നൽകിയത്

 അഞ്ചു മുതൽ ഒൻപത് വയസ് വരെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗബാധയുണ്ടാകുക.

 കഴിഞ്ഞ കുറച്ചുമാസങ്ങളായി മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലും രോഗം വ്യാപകമാണ്

 രോഗം ബാധിച്ച് നാ​ലു മു​തൽ ആ​റുദി​വ​സത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം

ല​ക്ഷ​ണം  ചെ​വി​യു​ടെ താ​ഴെ ക​വി​ളി​ന്റെ വ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും വീ​ക്കം ഉ​ണ്ടാ​കു​ന്നത്

 ഇ​ത് ചെ​വി​ക്ക് താ​ഴെ മു​ഖ​ത്തി​ന്റെ ഒ​രു വ​ശ​ത്തെ​യോ ര​ണ്ടു വ​ശ​ങ്ങ​ളെയോ ബാ​ധി​ക്കും

നീ​രു​ള്ള ഭാ​ഗ​ത്ത് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. ചെ​റി​യപ​നി​യും ത​ല​വേ​ദ​ന​യും ആ​ണ് പ്രാ​രം​ഭല​ക്ഷ​ണ​ങ്ങൾ

 വാ​യ തു​റ​ക്കു​ന്ന​തി​നും ച​വയ്ക്കു​ന്ന​തി​നും വെ​ള്ള​മി​റ​ക്കു​ന്ന​തി​നും പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടും

 വി​ശ​പ്പി​ല്ലാ​യ്മ​യും ക്ഷീ​ണ​വും, വേ​ദ​ന​യും​ പേ​ശി വേ​ദ​ന​യു​മാ​ണ് മ​റ്റു ല​ക്ഷ​ണ​ങ്ങൾ.

എം.എം.ആർ വാക്സിൻ

ഒഴിവാക്കിയത് തിരിച്ചടി 2017ന് മുമ്പ് സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി നൽകിയിരുന്ന എം.എം.ആർ (അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല) വാക്സിൻ, കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുണ്ടിനീര് ഗുരുതരമായ രോഗമല്ലെന്നും വാക്സിന് പൂർണമായ പ്രതിരോധശേഷി നൽകാനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഇതിന് പകരം അഞ്ചാംപനിയും റുബെല്ലയും മാത്രം പ്രതിരോധിക്കുന്ന എം.ആർ വാക്സിനാണ് ഇപ്പോൾ നൽകുന്നത്.

കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​തൽ ക​ണ്ടു​വ​രു​ന്ന​തെ​ങ്കി​ലും മു​തിർ​ന്ന​വ​രെ​യും ബാ​ധി​ക്കും

- ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സ്