ഭാര്യക്ക് പ്രചരണഗാനം ഒരുക്കി ഭർത്താവ്

Friday 05 December 2025 12:33 AM IST

ബുധനൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബുധനൂർ ഡിവിഷനിലെ എൽ.ഡി.എ് സ്ഥാനാർത്ഥി സവിത നിശീകാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് കവിയും ഗാനരചയിതാവുമായ ഭർത്താവ് ജി. നിശീകാന്ത്. മൂന്നര പതിറ്റാണ്ടിലേറെയായി കേരളത്തിലുടനീളം കലാസാംസ്കാരിക വേദികളിൽ നിറസാന്നിദ്ധ്യമാണ് നിശീകാന്ത്. സവിത നിശീകാന്ത് രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. വനിതാവേദി ജില്ലാ ഭാരവാഹികൂടിയാണ്‌.

ഇതിനോടകം 1400 ഓളം ഗാനങ്ങൾക്ക് രചന നിർവ്വഹിക്കുകയും 300 ൽപ്പരം ഗാനങ്ങൾക്ക് സംഗീതം നൽകുകയും ചെയ്ത നിശികാന്തിന്റെ ആദ്യ ആൽബം, 2005 ൽ പുറത്തിറങ്ങിയ 'എല്ലാം സ്വാമി ' എന്ന എം.കെ.അർജുനൻ ഈണം നൽകി പി.ജയചന്ദ്രൻ ആലപിച്ച അയ്യപ്പ ഭക്തിഗാനമാണ്. 200ഓളം കവിതകളും എഴുതിയിട്ടുണ്ട്. ഗുരുചെങ്ങന്നൂർ സാംസ്കാരിക സമിതി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർവാഹകസമിതി അംഗമാണ്. ചെങ്ങന്നൂർ പെരുമ, സരസ് മേള, സി.ബി.എൽ എന്നിവയുടെ സ്വാഗത ഗാനങ്ങളുടേയും തീം സോങ്ങുകളുടേയും രചനയും സംഗീതവും നിർവ്വഹിച്ചിരുന്നു. മന്ത്രി സജി ചെറിയാനടക്കം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണാ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നയന, മാന്നാർ നായർ സമാജം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി നിവിത എന്നിവരാണ് നിശീകാന്ത് - സവിത ദമ്പതികളുട‌െ മക്കൾ.