പേര് ഒന്ന്, തിരിച്ചറിയാൻ ചിഹ്നം കൂടി നോക്കണം

Friday 05 December 2025 12:36 AM IST

വാർഡുകളിൽ ഓരേ പേരിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ

ആലപ്പുഴ: വോട്ട് ചെയ്യാൻ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ശരിക്കും നോക്കി കുത്തിയില്ലെങ്കിൽ പണികിട്ടും. ഒരേ വാർഡിൽ ഓരേ പേരുള്ള ഒന്നിലധികം സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ആലപ്പുഴ നഗരസഭയിൽ മൂന്ന് വാർഡിലും ഹരിപ്പാട് നഗരസഭ, കാർത്തികപ്പള്ളി പഞ്ചായത്തുകളിൽ ഓരോ വാർ‌ഡുകളിലും ഒരേ പേരിലുള്ള ഒന്നിലധികം പേർ മത്സര രംഗത്തുണ്ട്. നഗരസഭ എ.എൻപുരം വാ‌ർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജൻ. ജിയ്ക്ക് ഭീഷണിയായി രണ്ട് രാജന്മാരുണ്ട്. ഇവ‌ർ രണ്ടും സ്വതന്ത്രന്മാരാണ്. ഒരാളുടെ പേര് രാജൻ. ജി എന്നുതന്നെയാണ്. ഇതേ വാ‌ർഡിൽ ബി.ജെ.പി സ്ഥാനാ‌ർത്ഥി ആർ. കണ്ണനും മറ്റൊരു എതിരാളിയുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായ കണ്ണൻ. വലിയകുളം വാർഡിൽ മുസ്ലീം ലീഗിന്റെ സജീന ജമാലും പി.ഡി.പിയുടെ എസ്. സജീനമോളും (സജീന ഹാരിസ്) മത്സരത്തിനുണ്ട്. ലജനത്ത് വാർഡിൽ ഫൈസൽമാരാണ് മത്സരത്തിലുള്ളത്.

പി.ഡി.പിയുടെ എസ്. ഫൈസൽ, സ്വതന്ത്ര സ്ഥാനാർത്ഥി എം.ഫൈസൽ. മറ്റൊരു സ്വതന്ത്രൻ വൈ.ഫസലുദ്ദീൻ (ഫസൽ). ഹരിപ്പാട് നഗരസഭ 28ാം വാർഡായ തുലാംപറമ്പ് സൗത്തിൽ പ്രധാന മുന്നണികളെ പ്രതിനിധീകരിക്കുന്നത് രാജേഷുമാരാണ്. യു.ഡി.എഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥി

ആർ. രാജേഷും (രഞ്ജിത്ത്), ബി.ജെ.പി സ്ഥനാർത്ഥി വി. രാജേഷുമാണ്. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ രണ്ടു ശ്രീകലമാർ മത്സരിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി എസ്. ശ്രീകലയും സ്വതന്ത്രയായി ശ്രീകലയും. വോട്ടർമാരുടെ ആശയക്കുഴപ്പം മാറ്രാൻ ബി.ജെ.പി സ്ഥാനാർത്ഥി പേരിനൊപ്പം വിളിപ്പേരായ അമ്പിളിയെന്ന് ചേർത്തിട്ടുണ്ട്.