വിഖ്യാത സിനിമാ നിർമ്മാതാവ് എ.വി.എം ശരവണൻ അന്തരിച്ചു
ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാനിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച എം.വി.എം പ്രൊഡക്ഷൻസിന്റെ ഉടമയും തമിഴിലെ മുതിർന്ന ചലച്ചിത്ര നിർമ്മാതാവുമായ എ.വി.എം ശരവണൻ (86) അന്തരിച്ചു. എം.ജി.ആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ സിനിമാ ജീവിതവുമായി അഭേദ്യ ബന്ധമുണ്ട്.
വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. ബുധനാഴ്ചയായിരുന്നു 86-ാം പിറന്നാൾ. ഭൗതികദേഹം വൈകിട്ട് മൂന്നര വരെ ചെന്നൈ എ.വി.എം സ്റ്റുഡിയോസിൽ പൊതുദർശനത്തിനുവച്ചു.
1939ലാണ് ജനനം. എ.വി.എം പ്രൊഡക്ഷൻസിന്റെയും സ്റ്റുഡിയോയുടെയും സ്ഥാപകനായ എ.വി മെയ്യപ്പനാണ് പിതാവ്. മകൻ എം.എസ് ഗുഹൻ നിർമ്മാതാവാണ്. മകൾ ഉഷ.
രജനീകാന്തിനെ സൂപ്പർസ്റ്റാറായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. ശിവാജി: ദ ബോസ് ഉൾപ്പെടെ എ.വി.എം ബാനറിൽ രജനീകാന്ത് അഭിനയിച്ച ഒമ്പത് സിനിമകളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു,
പ്രേംനസീർ നായകനായ മലയാള ചിത്രം തിലകം ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും സിനിമ നിർമ്മിച്ച ശരവണൻ ബോളിവുഡിലും വെന്നിക്കൊടി പാറിച്ചു.
കമലഹാസൻ ബാലതാരമായി അരങ്ങേറ്റം കുറിച്ച കളത്തൂർ കണ്ണമ്മയും നിർമ്മിച്ചു. കമലിന് ബാലതാരത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെയുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രജനീകാന്ത്, സൂര്യ, വിശാൽ, ഈശ്വരി റാവു, കാഞ്ചന, മോഹൻ രാജ, പാർഥിപൻ തുടങ്ങിയവർ എ.വി.എം സ്റ്റുഡിയോയിലെത്തി അന്ത്യോപചാരമർപ്പിച്ചു. പിതാവ് ശിവകുമാറിനൊപ്പമാണ് സൂര്യ എത്തിയത്. വികാരാധീനനായ സൂര്യ പൊട്ടിക്കരഞ്ഞു.
``എന്റെ സിനിമാ ജീവിതം രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്. ദുഷ്‌കരമായ നാളുകളിൽ അദ്ദേഹം എന്നോടൊപ്പം നിന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്``
- രജനീകാന്ത്
നിർമ്മാണം എ.വി.എം,
പടം സൂപ്പർഹിറ്റ്
ചെന്നൈ: നിർമ്മാണം എ.വി.എം ആണെങ്കിൽ പടം സൂപ്പർ ഹിറ്റാകുമെന്ന ഒരു വിശ്വാസം തെന്നിന്ത്യയിലുണ്ടായിരുന്നു.എ.വി.എംകമ്പനി 1950കളുടെ അവസാനത്തിൽ സഹോദരൻ എം ബാലസുബ്രഹ്മണ്യനൊപ്പം എം. ശരവണൻ ഏറ്റെടുത്തതോടെയാണ് സൂപ്പർ ഹിറ്റുകളുടെ പിറവി.