എയർപോർട്ടിൽ എത്തി മോദി പുടിനെ വരവേറ്റു, കാറിൽ ഒന്നിച്ച് യാത്ര
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡൽഹിയിലെത്തി. പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോൾ മാറ്റിവച്ച് പുടിനെ സ്വീകരിച്ചു.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന് രാവിലെ ഹൈദരാബാദ് ഹൗസിൽ.
പതിനഞ്ചിലധികം കരാറുകളിൽ ഒപ്പിടും.
ഇന്നലെ വൈകിട്ട് 6.45ന് പുടിന്റെ ഔദ്യോഗിക വിമാനം 'ഫ്ളൈയിംഗ് ക്രെംലിൻ' ഡൽഹിയിൽ ഇറങ്ങുമ്പോൾ ടർമാർക്കിൽ പ്രധാനമന്ത്രി മോദി കാറിൽ കാത്തിരിപ്പുണ്ടായിരുന്നു. പുടിൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് വന്നയുടൻ മോദി കാറിൽ നിന്നിറങ്ങി ഹസ്‌തദാനം ചെയ്‌തശേഷം ആലിംഗനം ചെയ്‌തു. ടർമാർക്കിലെ വേദിയിൽ സംഘടിപ്പിച്ച ഇന്ത്യൻ നൃത്തം വീക്ഷിച്ച ശേഷം റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ വെള്ള 'ഓറസ് സെനറ്റ് കാറിൽ രണ്ടുപേരും കയറി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വകാര്യ വിരുന്നിൽ പങ്കെടുക്കാനാണ് നേരേ പോയത്.അതിനുശേഷമാണ് താമസസൗകര്യം ഒരുക്കിയ ഹോട്ടൽ ഐ.ടി.സി മൗര്യയിലേക്ക് പുടിൻ പോയത്.
ഇന്ത്യയിൽ 27 മണിക്കൂർ
ഇന്ത്യയിൽ 27 മണിക്കൂർ മാത്രം ചെലവിടുന്ന പുടിൻ പങ്കെടുക്കുന്ന പ്രധാന പരിപാടികൾ ഇന്നാണ്. രാവിലെ 11മണിക്ക് രാഷ്ട‌്രപതി ഭവനിൽ ആചാരപരമായ വരവേൽപ് നൽകും. 11.30ന് രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ആദരാഞ്ജലി അർപ്പിക്കും.
പ്രധാന പരിപാടിയായ ഇന്ത്യ-റഷ്യ ഉച്ചകോടി 11.50ന് ഹൈദരാബാദ് ഹൗസിലാണ്. തുടർന്ന്
1.30ന് ഇരു നേതാക്കളുടെയും സംയുക്ത പ്രസ്‌താവന. ഉച്ചയ്‌ക്ക് ശേഷം ഭാരത് മണ്ഡപത്തിൽ സാമ്പത്തിക ഫോറം പരിപാടിയിലും പങ്കെടുക്കും. 7മണി രാഷ്ട‌്രപതി ഭവനിൽ രാഷ‌്‌ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 9.30ന് റഷ്യയിലേക്ക് മടങ്ങും.