ബ്ലോക്ക് പഞ്ചായത്ത്: തുടരാൻ എൽ.ഡി.എഫ്, തിരിച്ചു പിടിക്കാൻ യു.ഡി.എഫ്
കോട്ടയം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പതിനൊന്നിൽ പത്ത് ബ്ലോക്ക് പഞ്ചായത്തും പിടിച്ചെടുത്ത് യു.ഡി.എഫിനെ ഞെട്ടിച്ച ഇടതു മുന്നണി ഇക്കുറിയും ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിറുത്താമെന്ന ആത്മ വിശ്വാസത്തിലാണ്. അഞ്ചു വർഷം മുമ്പത്തെ രാഷ്ടീയ സാഹചര്യമല്ലെന്നും സർക്കാർ വിരുദ്ധതയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും വോട്ടായി ബ്ലോക്ക് ഭരണം തിരിച്ചു പിടിക്കാമെന്ന് യു.ഡി.എഫും കണക്കുകൂട്ടന്നു. ജനപക്ഷം ബി.ജെ.പിയിൽ ലയിച്ചതും ബി.ഡിജെ.എസ് സഹായവും കൊണ്ട് നില മെച്ചപ്പെടുത്താമെന്നാണ് എൻ.ഡിഎ വിലയിരുത്തൽ.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ 482 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഈരാറ്റുപേട്ട, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പള്ളം, പാമ്പാടി, മാടപ്പള്ളി, ളാലം,വാഴൂർ, വൈക്കം ബ്ലോക്കുകളിലെ മിക്ക വാർഡുകളിലും നേരിട്ടുള്ള മത്സരമാണ്.
സി.പി.എമ്മും കോൺഗ്രസും നേരിട്ടു മത്സരിക്കുന്ന വാഡുകളേക്കാൾ ശക്തമായ മത്സരമാണ് കേരളാ കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടുന്ന വാർഡുകളിൽ. ഇരുപാർട്ടികളും തങ്ങളുടെ ശക്തി തെളിയിച്ച് ആരാണ് വലിയവനെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലാണ്.
2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയ കേരളാകോൺഗ്രസ് എമ്മിന്റെ കരുത്തിലാണ് ആദ്യമായ് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതു മുന്നണി വൻ ഭൂരിപക്ഷം നേടിയത്. അതു കൊണ്ട് തന്നെ സീറ്റു വിഭജനത്തിൽ അർഹമായതിലേറെ പരിഗണന സി.പി.എം മാണി ഗ്രൂപ്പിന് നൽകിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ പി.ജെ.ജോസഫും മോൻസ് ജോസഫും ഫ്രാൻസിസ് ജോർജ് എംപിയും ജോസഫ് വിഭാഗത്തിനായി പ്രചാരണം നയിക്കുന്നു. ജോസ് കെ മാണി യുടെ മകൻ കെ.എം മാണി ജൂനിയറും ,പി.ജെ.ജോസഫിന്റെ മകൻ അപുജോസഫും പ്രചാരണത്തിനുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, രമേശ് ചെന്നിത്തല ,എൻ.കെ.പ്രേമചന്ദ്രൻ എൻ.ഡി.എക്കായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ , മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,പി.സി ജോർജ്, ഷോൺജോർജ് ബിഡിജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രചാരണത്തിനെത്തി .
പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ ഒരു മുന്നണിക്കും അനുകൂലമായ തരംഗസാഹചര്യം പ്രകടമല്ലെങ്കിലും കഴിഞ്ഞ തവണ പതിനൊന്നിൽ പത്തു സീറ്റ് ലഭിച്ച ഇടതു മുന്നണി അട്ടിമറി സാദ്ധ്യത പ്രതീക്ഷിക്കുന്നില്ല.