എച്ച് - 1 ബി: നിരീക്ഷണം കടുപ്പിച്ച് യു.എസ്

Friday 05 December 2025 7:19 AM IST

വാഷിംഗ്ടൺ: എച്ച് - 1 ബി, എച്ച് - 4 വിസാ അപേക്ഷകർക്ക് മേലുള്ള നിരീക്ഷണവും പരിശോധനകളും വ്യാപിപ്പിക്കാൻ യു.എസ്. ഈ വിസകൾക്ക് അപേക്ഷിക്കുന്നവർ അവരുടെ എല്ലാ സോഷ്യൽ മീഡിയ പ്രൊഫൈലുകളും 'പബ്ലിക്" ആക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ്.

ഡിസംബർ 15 മുതൽ എച്ച് - 1 ബി, എച്ച് - 4 അപേക്ഷകരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. എച്ച് - 1 ബി പോലുള്ള വിസാ ഉടമകളുടെ ജീവിത പങ്കാളികൾക്കും 21 വയസിൽ താഴെയുള്ള അവിവാഹിതരായ മക്കൾക്കുമുള്ള നോൺ ഇമിഗ്രന്റ് വിസയാണ് എച്ച് - 4. വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവരെ നിലവിൽ ഇത്തരം സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

ദേശ താത്പര്യങ്ങൾക്കെതിരായിട്ടുള്ളവരെ കണ്ടെത്താനും ഭീകര ബന്ധമുള്ള വ്യക്തികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുമാണ് യു.എസ് അപേക്ഷകരുടെ ഓൺലൈൻ/സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച്- 1 ബി.