അസിം മുനീർ പാക് സംയുക്ത സേനാ മേധാവി
ഇസ്ലാമാബാദ്: പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് - സി.ഡി.എഫ്) നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുപാർശ ചെയ്തതോടെ പ്രസിഡന്റ് ആസിഫ് അലി സർദ്ദാരി മുനീറിന്റെ നിയമനം ഇന്നലെ അംഗീകരിക്കുകയായിരുന്നു. കരസേനയുടെ ചുമതലയും സി.ഡി.എഫ് പദവിയും മുനീർ ഒരേ സമയം വഹിക്കും. 5 വർഷമാണ് കാലാവധി. കര, നാവിക, വ്യോമസേനകളുടെ പരമോന്നത സൈനിക കമാൻഡറായി മാറുന്ന മുനീറിന് ആജീവനാന്തം പദവികളും പ്രത്യേകാവകാശങ്ങളും പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധവും ലഭിക്കും. ചാരസംഘടനയായ ഐ.എസ്.ഐയുടെ മുൻ തലവനായ മുനീർ 2022ലാണ് കരസേനാ മേധാവിയായത്. കഴിഞ്ഞ മാസമാണ് മുനീറിനെ സംയുക്ത സേനാ മേധാവിയാക്കാനുള്ള ബിൽ പാർലമെന്റിൽ പാസായത്. മുനീറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം 29ന് മുന്നേ ഇറക്കേണ്ടതായിരുന്നു. ഷെഹ്ബാസ് വിദേശത്തായിരുന്നതിനാൽ ഇത് വൈകി. ഷെഹ്ബാസ്, മുനീറിന്റെ നിയമനം ബോധപൂർവ്വം വൈകിപ്പിക്കുന്നെന്ന തരത്തിലെ റിപ്പോർട്ടുകൾ ഇതിനിടെ പ്രചരിച്ചിരുന്നു.