പണമടയ്‌ക്കാൻ ഫോൺ പോക്കറ്റിൽ നിന്നെടുക്കേണ്ട, ഒപ്പം ആകർഷകമായ പ്രത്യേകതകളും; ഈ ഗ്ലാസിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Friday 05 December 2025 1:01 PM IST

കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ടെക്‌നോളജിയിൽ മാറ്റംവരുന്നത്. ഇപ്പോൾ ഒരു സ്മാർട്ട് ഗ്ലാസാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. റേബാൻ മെറ്റ (ജെൻ2) എഐ ഗ്ലാസുകളാണ് അവ. അമ്പരപ്പിക്കുന്ന ഫീച്ചറുകളാണ് ഇതിനുള്ളത്.

യുപിഐ ലൈറ്റ് പേയ്‌മെന്റ് സംവിധാനവും ഈ ഗ്ലാസിൽ പരീക്ഷിക്കുന്നുണ്ട്. കണ്ണട കൊണ്ട് പണമടയ്‌ക്കാനാകും. കടയിലും മറ്റും പോയി സാധനം വാങ്ങിക്കഴിഞ്ഞാൽ ഫോൺ പോക്കറ്റിൽ നിന്നെടുക്കേണ്ട കാര്യമില്ല. 'ഹേ മെറ്റ, സ്‌കാൻ ആൻഡ് പേ' എന്ന് പറയുക. ഇതുവഴി വാട്സപ്പുമായി ബന്ധിപ്പിച്ചുള്ള അക്കൗണ്ടിൽ നിന്ന് പണം അടക്കാൻ സാധിക്കും.

ഈ ഗ്ലാസിന്റെ മറ്റൊരു പ്രത്യേകത ബാറ്ററി ലൈഫാണ്. നാൽപ്പത് മിനിട്ടുകൊണ്ട് ഫുൾ ചാർജ് ആകും. എട്ട് മണിക്കൂർ ഉപയോഗിക്കാം. ചാർജിംഗ് കേസ് ഉപയോഗിച്ചാൽ 48 മണിക്കൂർ ഉപയോഗിക്കാൻ സാധിക്കുമത്രേ. ദീപിക പദുക്കോണിന്റെ ശബ്ദമാണ് മറ്റൊരു ആകർഷണം. മെറ്റ എ ഐയുമായി സംസാരിക്കാൻ ദീപിക പദുക്കോണിന്റെ ശബ്ദം തിരഞ്ഞെടുക്കാം. 39,000 രൂപയാണ് വില. റേബാൻ ഇന്ത്യയുടെ സ്‌റ്റോറുകളിൽ ലഭ്യമാണ്.