400 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ തരിപ്പണമാക്കും, റഷ്യൻ വജ്രായുധം ഇന്ത്യയിലെത്തും
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. 23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചക്കോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള പുടിന്റെ കൂടിക്കാഴ്ച പ്രതിരോധ മേഖലയിൽ വലിയ തരത്തിലുള്ള പ്രതീക്ഷകളാണ് നൽകുന്നത്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന എസ് -400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ യൂണിറ്റുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിനൊപ്പം പുതിയ എസ്-500 ഇടപാടിൽ ധാരണയും പ്രതീക്ഷിക്കുന്നുണ്ട്.ഒപ്പം സുഖോയ് 57 യുദ്ധവിമാനഇടപാടിനുള്ള ചർച്ചകളുമുണ്ടാകാനാണ് സാദ്ധ്യത.
എന്നാൽ പ്രതിരോധ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണങ്ങളനുസരിച്ച്, ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു- എംകെഐ വിമാനങ്ങളുടെ നവീകരണത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ചകൾ നടക്കുക. 272 വിമാനങ്ങളിൽ ഏകദേശം 100 എണ്ണത്തിൽ കൂടുതൽ ശേഷിയിലേക്ക് കൊണ്ടുവരികയെന്നതാണ് പദ്ധതിയിടുന്നത്. 200 കിലോമീറ്ററിനപ്പുറം ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള 300ൽ അധികം ആർ- 37 ദീർഘദൂര എയർ ടു എയർ മിസൈലുകൾ സ്വന്തമാക്കാനുള്ള താൽപര്യവും ഇന്ത്യയ്ക്കുണ്ട്.
ചൈനയിലും യുഎസിലും സമാനമായ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. പുത്തൻ മിസൈലുകൾ ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ റഷ്യയുടെ എസ്-400 സ്ക്വാഡ്രണുകൾ ഇന്ത്യയിൽ എത്തിക്കണം. ഓരോ സ്ക്വാഡ്രണിലും ലോഞ്ചറുകൾ, റഡാറുകൾ, നിയന്ത്രണ കേന്ദ്രങ്ങൾ, പിന്തുണാ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന 16 വാഹനങ്ങളുണ്ട്. 600 കിലോമീറ്റർ അകലെയുള്ള വ്യോമഭീഷണികൾ വരെ ഇതിന് ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനത്തെ തകർക്കാനുള്ള നാലുതരം മിസൈലുകളും ഇതിലുണ്ട്.
ഈ വർഷം ആദ്യം പാകിസ്ഥാൻ വിമാനങ്ങൾക്കും നിരീക്ഷണ വിമാനങ്ങൾക്കുനേരെ ഫലപ്രദമായി ഉപയോഗിച്ച 280എസ് 400 മിസൈലുകൾ വാങ്ങാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. അതുപോലെ 400 കിലോമീറ്ററിൽ കൂടുതൽ ആക്രമണ പരിധികളുള്ള ബ്രഹ്മോസ് -എൻജിയുടെ ഭാരം കുറഞ്ഞ വകഭേദങ്ങളുടെ രൂപകല്പനയുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
വൻകിട റോക്കറ്റുകൾ സ്വന്തമായുള്ള രാജ്യമാണ് റഷ്യ. അതിനാൽത്തന്നെ റഷ്യയുടെ സെമി ക്രയോജനിക് എഞ്ചിനുകൾ ഇന്ത്യ വാങ്ങും. മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോജനിക്. റോക്കറ്റുകളുടെ ഭാരം കുറയ്ക്കാനും കൂടുതൽ ഭാരവാഹകശേഷി കൈവരിക്കാനും ഇത് സഹായിക്കുമെന്നതാണ് നേട്ടം. ആർ.ഡി-191 എഞ്ചിനുകൾ ആകും വാങ്ങുക. എൽവി എം 3 റോക്കറ്റ് പതിപ്പിൽ ആർഡി-191 എഞ്ചിനുകൾ ഇന്ത്യ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. പിഎസ്എൽവിക്കും ജിഎസ്എൽവിക്കും ശേഷം അതീവശേഷിയുള്ള ന്യൂജനറേഷൻ റോക്കറ്റിന്റെ വികസനദൗത്യത്തിലാണ് ഐഎസ്ആർഒ.