വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചു; ബിസിനസുകാരൻ അറസ്റ്റിൽ

Friday 05 December 2025 2:51 PM IST

കണ്ണൂർ: വിഹാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ. പീഡനത്തെത്തുടർന്ന് ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ കിഴുന്നയിലെ സുജിത്ത് (52) ആണ് അറസ്റ്റിലായത്. എടക്കാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കോട്ടയം സ്വദേശിയായ മുപ്പത്തഞ്ചുകാരിയാണ് സുജിത്തിനെതിരെ പരാതി നൽകിയത്.

ദുബായിൽ വച്ച് 2015നും 2020നും ഇടയിലാണ് പീഡനം നടന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ദുബായിൽ ഉന്നത ഉദ്യോഗസ്ഥയായ യുവതിയുമായി സുജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇതിനിടയിൽ യുവതിയെ നിർബന്ധിച്ച് 16 കോടി രൂപ തന്റെ കമ്പനിയിൽ നിക്ഷേപിപ്പിക്കുകയും ചെയ്‌തിരുന്നു. ഗർഭിണിയാണെന്ന് മനസിലാക്കിയ യുവതി വിവാഹം ഉടൻ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്താൻ സുജിത്ത് സമ്മർദം ചെലുത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന് ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹത്തിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് ദുബായിൽ നിന്ന് സുജിത്ത് കടന്നുകളഞ്ഞതായി യുവതി പരാതിയിൽ പറയുന്നു.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി, പണം തട്ടിയെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. എടക്കാട് പൊലീസ് അറസ്റ്റ് ചെയ്‌ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.