'ആകാശക്കൊള്ള'; ഇൻഡിഗോ പ്രതിസന്ധിക്കിടയിൽ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
തിരുവനന്തപുരം: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്നുള്ള പ്രതിസന്ധിക്ക് പിന്നാലെ ടിക്കറ്റ് നിരക്ക് കുത്തനെക്കൂട്ടി വിമാനക്കമ്പനികൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനടിക്കറ്റുകളുടെ നിരക്ക് അമ്പതിനായിരത്തിന് മുകളിൽ വരെയെത്തി.
ഡൽഹി- കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നു. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയിൽ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളില്ല. നാളെ രണ്ട് സർവീസുകളുണ്ടാകും. എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കിൽ വലയുകയാണ് യാത്രക്കാർ.
ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നിലവിൽ വന്ന ചട്ടമാണ് ക്രൂ ഡ്യൂട്ടി ടൈം. നവംബർ ഒന്നുമുതലാണ് ഇത് നടപ്പിലായത്. ചട്ടം പ്രാവർത്തികമാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്‌ചകളിലേക്കാണ് നിലവിലെ പ്രതിസന്ധി വിരൽ ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നു.
മൂന്നു ദിവസങ്ങളിലായി ഡൽഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 550 ഓളം സർവ്വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ വൈകുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഇതിനിടയിൽ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് കൂടുതൽ തിരിച്ചടിയാവുകയാണ്.