ഇൻഡിഗോയ്‌ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ

Friday 05 December 2025 4:39 PM IST

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ പൈലറ്റുമാരുടെ ഡ്യൂട്ടിസമയം സംബന്ധിച്ച നിബന്ധനകൾ പിൻവലിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന ഉൾപ്പെടെയുള്ള പരിഷ്‌കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600ലധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഡൽഹി, തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ഉണ്ടായത്. ഡൽഹിയിൽ മാത്രം 225 വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാജ്യമെമ്പാടുമുള്ള 600ഓളം വിമാന സർവീസുകൾ ഇന്ന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രിലായത്തിന് പരാതിയും നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.

പാർലമെന്റിൽ ഈ വിഷയം ചർച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു. നിബന്ധനകൾ പിൻവലിച്ചതോടെ കൂടുതൽ സർവീസുകൾ ഉടനെ ആരംഭിക്കാൻ വിമാനക്കമ്പനിക്ക് സാധിക്കും. വിമാന സർവീസുകൾ പൂർവ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ട് ദിവസം വേണ്ടിവന്നേക്കും.