നഗരസഭകളിൽ പൊരിഞ്ഞ പോര്
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആറ് നഗരസഭകൾ പിടിച്ചെടുക്കാൻ യു.ഡി.എഫ് - എൽ.ഡി.എഫ് പോര് മുറുകിയതിനൊപ്പം അട്ടിമറി പ്രതീക്ഷയിൽ എൻ.ഡി.എയും. അഞ്ച് നഗരസഭകളിൽ എൽ.ഡി.എഫും , യു.ഡി.എഫും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സ്വതന്ത്രന്മാരുടെയും , എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയും, ബി.ജെപി സഹായത്തോടെയും അഞ്ചു നഗരസഭകളിലും യു.ഡിഎഫ് ഭരണത്തിലേറി. ചങ്ങനാശേരിയിൽ യു.ഡി.എഫ് പക്ഷത്തു നിന്ന സ്വതന്ത്രന്മാരെ മറുകണ്ടം ചാടിച്ച് എൽ.ഡി.എഫ് ഇടയ്ക്ക് ഭരണം തിരിച്ചു പിടിച്ചു. കോട്ടയം നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യസീറ്റുകളായിരുന്നെങ്കിലും യു.ഡി.എഫ് വിമതസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യന് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടി. നറുക്കെടുപ്പിലൂടെ ഭരണവും ലഭിച്ചു. രണ്ടു തവണ അവിശ്വാസത്തെയും അതിജീവിച്ചു. ഒരു തവണ ബി.ജെ.പി പിന്തുണച്ചെങ്കിലും എൽ.ഡി.എഫിലെ ഒരംഗത്തിന് പങ്കെടുക്കാൻ കഴിയാതെ വന്നതോടെ അവിശ്വാസം പരാജയപ്പെട്ടു.
ഈരാറ്റുപേട്ടയിൽ യു.ഡി.എഫ് ചെയർപേഴ്സണായി മുസ്ലിംലീഗിലെ സുഹ്‌റയെ തിരഞ്ഞെടുത്തെങ്കിലും എസ്.ഡി.പിഐയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. ഇത് പാസായെങ്കിലും വിവാദമായതോടെ പിന്തുണ പിൻവലിച്ചു. ഇതോടെ സുഹ്‌റ വീണ്ടും ചെയർപേഴ്സൺ ആയി. പാലായിൽ സി.പി.എം അംഗമായിരുന്ന ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാതിരിക്കാൻ മാണി ഗ്രൂപ്പ് കളിച്ചത് വലിയ തർക്കത്തിനും കൈയ്യാങ്കളിക്കും ഇടയാക്കി. ഒടുവിൽ ബിനുവിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി.
സ്വതന്ത്രന്മാർ തീരുമാനിക്കും
ഈ തിരഞ്ഞെടുപ്പിൽ എല്ലാ നഗരസഭകളിലും വാർഡുകളുടെ എണ്ണം കൂടിയെങ്കിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുക മിക്കവാറും സ്വതന്ത്രന്മാരായിരിക്കും. പാലായിൽ ബിനു പുളിക്കക്കണ്ടവും, മകളും, സഹോദരനും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. ഇവർ വിജയിച്ചാൽ നഗരഭരണം തീരുമാനിക്കുന്ന നിർണായ ശക്തിയാകും.
പലയിടത്തും ബി.ജെ.പിയും ശക്തമാണ്. മൂന്നു മുന്നണികളിലും വിമത പ്രശ്നമുണ്ടെങ്കിലും കൂടുതൽ യു.ഡി.എഫിലാണ്. ന്യൂനപക്ഷേ വോട്ടുകൾ സമാഹരിക്കാൻ പാർട്ടി ചിഹ്നത്തിലല്ലാതെ സ്വതന്ത്ര ചിഹ്നത്തിൽ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്.
2020 ലെ കക്ഷിനില
കോട്ടയം
യു.ഡി.എഫ് : 22
എൽ.ഡി.എഫ് : 22
ബി.ജെ.പി : 8
ഏറ്റുമാനൂർ
യു.ഡി.എഫ് : 12
എൽ.ഡി.എഫ് : 11
ബി.ജെ.പി : 6
ചങ്ങനാശേരി
യു.ഡി.എഫ് : 13
എൽ.ഡി.എഫ് : 14
ബി.ജെ.പി : 3
സ്വതന്ത്രർ : 7
പാലാ
യു.ഡി.എഫ് : 8
എൽ.ഡി.എഫ് : 12
ബി.ജെ.പി : 6
വൈക്കം
യു.ഡി.എഫ് : 11
എൽ.ഡി.എഫ് : 8
ബി.ജെ.പി : 4
ഈരാറ്റുപേട്ട
യു.ഡി.എഫ് : 14
എൽ.ഡി.എഫ് : 9
എസ്.ഡി.പി.ഐ : 5