പൂഞ്ഞാറിലാണ് അഭിമാനപ്പോര്
കോട്ടയം : പൂഞ്ഞാർ ഡിവിഷനിൽ അടിമുടി അഭിമാനമാണ്. അഡ്വ.ഷോൺ ജോർജിലൂടെ ബി.ജെ.പിയുടെ ഭാഗമായ ഡിവിഷൻ ജയിക്കേണ്ടത് വ്യക്തിപരമായി ഷോണിന്റെ ആവശ്യമാണ്. തിരിച്ചുപിടിക്കേണ്ടത് യു.ഡി.എഫിന്റെയും, എൽ.ഡി.എഫിന്റെയും അത്യാവശ്യവും. ഇത്തവണ വനിതാസംവരണമായതോടെ പരിചയസമ്പന്നരെ ഇറക്കിയാണ് മുന്നണികളുടെ പോരാട്ടം.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല എളൂക്കുന്നേൽ ആണ് യു.ഡി.എഫ് സഥാനാർത്ഥി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം മിനി സാവിയോ എൽ.ഡി.എഫിനായി രംഗത്തുണ്ട്. മുൻ ജില്ലാ പഞ്ചായത്തംഗം ബീനാമ്മ ഫ്രാൻസിസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. തിടനാട്, പൂഞ്ഞാർ, തലപ്പലം പഞ്ചായത്തുകളും ഈരാറ്റുപേട്ട ബ്ലോക്കിലെ വളതൂക്ക്, കളത്തുക്കടവ് ഡിവിഷനുകളും ഉൾപ്പെടുന്നതാണ് പുതിയ പൂഞ്ഞാർ ഡിവിഷൻ. കഴിഞ്ഞ തവണ രണ്ട് സ്വതന്ത്രരടക്കം ഏഴുപേർ മത്സരത്തിനുണ്ടായിരുന്നു. ഒറ്റയ്ക്ക് ജനപക്ഷം പാർട്ടിയുടെ തേരിൽ മത്സരിച്ച ഷോൺ 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധി മൂന്നാമതായി. ഇത്തവണ ഇടത്, വലത്, എൻ.ഡി.എ സ്ഥാനാർത്ഥികൾ മാത്രമേ മത്സരരംഗത്തുള്ളൂ.
ആർ. ശ്രീകല (യു.ഡി.എഫ്)
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. റിട്ട. പ്രധാന അദ്ധ്യാപികയാണ്.
മിനി സാവിയോ (എൽ.ഡി.എഫ്) ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള വനിത കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. 2005 - 2010 ജില്ല പഞ്ചായത്ത് ഈരാറ്റുപേട്ട ഡിവിഷൻ അംഗം. 2015-2020ൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സംസ്ഥാന ഗാർഹിക പീഡനകേസ് മോണിറ്ററിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അഡ്വ. ബീനാമ്മ ഫ്രാൻസിസ് (എൻ.ഡി.എ) ജനപക്ഷത്തിലായിരുന്ന അഡ്വ.ബീനാമ്മ ഫ്രാൻസിസ് പി.സി.ജോർജിന്റെ ബി.ജെ.പി പ്രവേശനത്തോടെയാണ് പാർട്ടിയിലെത്തിയത്. ഇപ്പോൾ ജില്ലാ കമ്മിറ്റിയംഗം, പാലാ അൽഫോൻസ കോളേജ് റിട്ട. സൂപ്രണ്ടും, മുൻ ജില്ല പഞ്ചായത്തംഗവുമാണ്.
നിർണായകം
കേരള കോൺഗ്രസ്, കോൺഗ്രസ് സ്വാധീനം
പഴയ ജനപക്ഷത്തിന്റെയും ബി.ജെ.പിയുടേയും വോട്ടുകൾ
സ്ഥാനാർത്ഥികളുടെ വ്യക്തിബന്ധം