യാത്രക്കാർക്ക് സന്തോഷ വാർത്ത,​ ദീ‌ർഘനാളായുള്ള ആവശ്യം ഒടുവിൽ നടപ്പാക്കുന്നു ,​ കോളടിച്ചത് ഇവർക്ക്

Friday 05 December 2025 7:53 PM IST

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. വൃദ്ധർക്കും മുതിർന്ന സ്ത്രീകൾക്കും ആശ്വാസകരമാകുന്ന തീരുമാനമാണ് റെയിൽവേ നടപ്പാക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും വൃദ്ധർ‌ക്കും സ്ത്രീകൾക്കും ലോവർ ബർത്തിന് മുൻഗണന ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇവരെക്കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് ട്രെയിനിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽചെയർ സൗകര്യം ഒരുക്കും. ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ് സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു

നേരത്തെ തന്നെ ലോവർ ബെർത്ത് വയോധികർ‌ക്കും സ്ത്രീകൾക്കും നൽകുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കി തുടങ്ങിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകൾക്കും വയോധികർക്കും ലോവർ ബെർത്ത് നൽകും. സ്ലീപ്പർ ക്ലാസുകളിൽ ഏഴുവരെ ബർത്തുകളും തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും സെക്കൻഡ് എസിയിൽ നാലു ബർത്തുകളും നിർബന്ധമായും നൽകാനാണ് നിർദേശം നൽകിയത്.