ഭ. ഭ. ബയുടെ പ്രൊമോഷന് ദിലീപ് , ദിലീപ് ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്

Saturday 06 December 2025 6:58 AM IST

ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഷെഡ്യൂൾ ബ്രേക്ക്. ഭ ഭ ബയുടെ പ്രൊമോഷന് ദിലീപിന് പങ്കെടുക്കുന്നതിനാലാണ് ബ്രേക്ക്.

നവംബർ 12ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ജഗൻ ഷാജി കൈലാസ് ചിത്രത്തിൽ ദിലീപ് ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രമായി എത്തുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ദിലീപിന് അച്ഛൻവേഷം ആണ്.എറണാകുളത്തും ചിത്രീകരണമുണ്ട്.

ബിനു പപ്പു, അശോകൻ, ശാരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഉർവശി തിയറ്റേഴ്സിന്റെയും കാക സ്റ്റോറിസിന്റെയും ബാനറിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് നിർമ്മാണം.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് റൊണക്സ് സേവ്യർ. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുവർഷത്തിൽ ദിലീപ് അഭിനയിക്കും. 18 വർഷത്തിനുശേഷം ദിലീപും സത്യൻ അന്തിക്കാടും ഒരുമിക്കുകയാണ്. ഡിസംബർ 18ന് തിയേറ്ററിൽ എത്തുന്ന ഭ ഭ ബ പൂർണമായും 'ദിലീപിന്റെ അഴിഞ്ഞാട്ടം' ആണ്. മോഹൻലാൽ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു.