മമ്മൂട്ടിക്ക് മെഗാ 2026
ഖാലിദ് റഹ്മാൻ ചിത്രം നിർമ്മിക്കുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
പുതുവർഷത്തിൽ മമ്മൂട്ടിയെ കാത്ത് മെഗാപ്രോജക്ടുകൾ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും മമ്മൂട്ടി ആദ്യം അഭിനയിക്കുക. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചി്തരം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒരുമിക്കുന്ന ചിത്രം ആണ് അടുത്ത പ്രോജക്ട്. മമ്മൂട്ടിയും നസ്ളിനും ഒരുമിക്കുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടെയ് ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മാണം. തുടർന്ന് നിതീഷ് സഹദേവിന്റെ ചിത്രത്തിൽ അഭിനയിക്കും. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം അതിഥി വേഷത്തിൽ എത്തുന്ന ചത്താ പച്ച ആണ് പുതുവർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ റിലീസ്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റെസ്ളിംഗ് കോച്ചിന്റെ വേഷം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ജനുവരിയിൽ റിലീസ് ചെയ്യുന്ന ചിത്രം പൂർണമായും റെസ്ളിംഗ് പശ്ചാത്തലത്തിൽ ആണ്. മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രം പാട്രിയറ്റ് ഏപ്രിൽ റിലീസായാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും ഒരുമിക്കുന്ന പാട്രിയറ്റിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.
അമരൻ എന്ന ബ്ളോക് ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസ്വാമിയുടെ ധനുഷ് ചിത്രത്തിലേക്ക് മമ്മൂട്ടിയെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സമ്മതം അറിയിച്ചിട്ടില്ല.