മദ്യപിക്കാനെത്തിയ സഹോദരങ്ങൾ അക്രമാസക്തരായി; നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Saturday 06 December 2025 2:12 AM IST
മെൽബിൻ തോമസ്

ബിബിൻ തോമസ്

കൊച്ചി: നഗരത്തിലെ ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരങ്ങളെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.ഐയും പ്രബേഷൻ എസ്.ഐയും പൊലീസുകാരുമുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ചേർത്തല വാരനാട് പള്ളിക്കാട്ടുപ്പടിയിൽ വീട്ടിൽ ബിബിൻ തോമസ് (27), സഹോദരൻ മെൽബിൻ തോമസ് (25) എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാത്രി 10.45ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബാറിലാണ് സഹോദരങ്ങൾ അക്രമാസക്തരായത്. ഈ സമയം നഗരത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന പൊലീസ് സംഘം ബാറിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ മെൽബിൻ, പൊലീസ് ഡ്രൈവർ അജിത്ത് പോളിനെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. തടസം പിടിക്കാനെത്തിയ പ്രബേഷൻ എസ്.ഐ അനീഷിനുനേരെ കൈയേറ്റമുണ്ടായി. അനീഷിന്റെ കൈയിലും തോളിലും ഇടിയേറ്റു. പ്രതികളെ വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ നോർത്ത് എസ്.ഐ പി. പ്രമോദിനും മർദ്ദനമേറ്റു.

സ്ഥിതി രൂക്ഷമായതോടെ കൂടുതൽ പൊലീസ് സംഘമെത്തിയാണ് പ്രതികളെ കീഴടക്കിയത്. തുടർന്ന് വാഹനത്തിൽ കയറ്റി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വാഹനത്തിനകത്തും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായി. സിവിൽ പൊലീസ് ഓഫീസർമാരായ സോമരാജൻ, അരുൺ എന്നിവർക്ക് മർദ്ദനമേറ്റു. പ്രബേഷൻ എസ്.ഐയ്ക്ക് നേരെ വീണ്ടും കൈയേറ്റമുണ്ടായി. സി.പി.ഒ അരുണിന്റെ ഇടതു ചെറുവിരലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. പ്രതികൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ ചേർത്തല, മുഹമ്മ, വൈക്കം പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ പ്രതികളാണ്.