കൊളച്ചേരിയിൽ ഉശിരൻ ത്രികോണ പോര്

Friday 05 December 2025 8:45 PM IST

കണ്ണൂർ: കഴിഞ്ഞ തവണ 1803 വോട്ടുകളുടെ നേരിയ ലീഡിൽ യു.ഡി.എഫ് ജയിച്ച കൊളച്ചേരി ഡിവിഷനിൽ മൂന്ന് മുന്നണികളും കടുത്ത മത്സരത്തിലാണ്. സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും ശക്തമായ പ്രചാരണത്തിലാണ്.പൊതുവേ മുസ്ലിം ലീഗിന്റെ കോട്ടയാണ് ഈ ‌ഡിവിഷൻ. എസ്.ഡി.പി.ഐയും സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുള്ളത് വോട്ടുകളുടെ വിഭജനം സങ്കീർണ്ണമാക്കും. ജയസാദ്ധ്യത തുല്യമായതിനാൽ മുന്നണികൾക്ക് ഓരോ വോട്ടും വിലപ്പെട്ടതാണ്.

അതിർത്തി പുനർനിർണയത്തിനു ശേഷം കൊളച്ചേരി പഞ്ചായത്തിലെ 14 വാർഡുകൾ, നാറാത്ത് പഞ്ചായത്ത്, ചിറക്കൽ പഞ്ചായത്തിലെ 15 വാർഡുകൾ എന്നിവ ഉൾപ്പെടെ ആകെ 47 വാർഡുകളാണ് ഇപ്പോൾ കൊളച്ചേരി ഡിവിഷനിൽ. എഴുപതിനായിരത്തിലേറെ വോട്ടർമാരുള്ള ഈ ഡിവിഷനിൽ പുതിയ വോട്ടർമാർ നിർണായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിവിധ സാമൂഹിക,രാഷ്ട്രീയ വിഭാഗങ്ങളുടെ സാന്നിധ്യം കൊളച്ചേരിയിലെ മത്സരത്തിന്റെ വീറ് കൂട്ടുന്നുണ്ട്.

ഇവർ അങ്കത്തട്ടിൽ

യു.ഡി.എഫ്. സ്ഥാനാർത്ഥി മുസ്തഫ കോടിപ്പൊയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി പരിചയസമ്പത്തുള്ള നേതാവാണ്.മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. ഐ.എൻ.എൽ തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി സമീ ഉല്ലാഖാന് ജില്ലാ പഞ്ചായത്തിലേക്ക് ഇത് കന്നിയങ്കമാണ്. സാമൂഹിക സേവനത്തിലും വ്യവസായ രംഗത്തും സജീവമായ ഇദ്ദേഹത്തിന് പുതുതലമുറയുമായി നല്ല ബന്ധമുണ്ട്. എൻ.ഡി.എ. സ്ഥാനാർത്ഥി രാഹുൽ രാജീവൻ ബി.ജെ.പി ചിറക്കൽ മണ്ഡലം പ്രസിഡന്റും അഴീക്കോട് നിയോജകമണ്ഡലം യുവമോർച്ച മുൻ പ്രസിഡന്റുമാണ്. പുഴാതി സോമേശ്വരി ക്ഷേത്രം വർക്കിംഗ് പ്രസിഡന്റ്, കേരള ക്ഷേത്ര സമന്വയ സമിതി ജില്ലാ ജനറൽ സെക്രട്ടറി, അലവിൽ എ.പി.ജെ അബ്ദുൽകലാം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.