പടിയൂരിന്റെ പടി കടക്കാൻ

Friday 05 December 2025 8:47 PM IST

ഇരിട്ടി: പുതുതായി രൂപീകരിച്ച പടിയൂർ ഡിവിഷനിൽ ഇരു മുന്നണികളിലെയും കേരള കോൺഗ്രസുകളുടെ ഏറ്റുമുട്ടലാണ്. ഒപ്പം ബി.ജെ.പിയും.നാല് പഞ്ചായത്തുകളിൽ നിന്നുള്ള 45 വാർഡുകൾ ഉൾക്കൊള്ളുന്ന പടിയൂർ ഡിവിഷന്റെ രാഷ്ട്രീയവും ഏറെ സങ്കീർണമാണ്. കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരം കുടിയേറ്റമേഖലയുടെ രാഷ്ട്രീയ സ്വാധീനം കൂടി പരിശോധിക്കപ്പെടുന്ന ഒന്നാണ്. പടിയൂർ-കല്യാട് പഞ്ചായത്തിലെ 15 വാർഡുകൾ, പായം പഞ്ചായത്തിലെ 18 വാർഡുകൾ, ആറളം പഞ്ചായത്തിലെ നാല് വാർഡുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ എട്ട് വാർഡുകൾ എന്നിവ ചേർന്നതാണ് പടിയൂർ ഡിവിഷൻ.കരിക്കോട്ടക്കരിയിലും എടൂരിലും യു.ഡി.എഫിന് സാമാന്യ മുൻതൂക്കമുണ്ട്. എന്നാൽ പടിയൂരും കല്യാടും പരമ്പരാഗതമായി എൽ.ഡി.എഫിന്റെ കോട്ടകളാണ്. ആറളത്ത് ഇരു മുന്നണികളും തുല്യശക്തിയും. അയ്യൻകുന്നിൽ യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്. വള്ളിത്തോടിന്റെ രാഷ്ട്രീയമാകട്ടെ പ്രവചനാതീതവും. പുതിയ ഡിവിഷനായതിനാൽ മുൻതിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ പടിയൂരിനെ വിലയിരുത്താനാകില്ല.

ഇവർ അങ്കത്തട്ടിൽ

യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷീബ വർഗീസ് തെക്കേടത്ത് സാമൂഹികസംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്. തലശ്ശേരി അതിരൂപത മാത്യവേദി പ്രസിഡന്റ്, കാത്തലിക് കോൺഗ്രസ് രൂപത സെക്രട്ടറി, ചെമ്പേരി മേഖല മാതൃവേദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് വനിതാവിംഗ് ജില്ലാ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകയുമാണ്. കേരള കോൺഗ്രസ് എമ്മിലെ ബോബി എണ്ണച്ചേരിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബിരുദധാരിയായ ബോബി കാർഷികരംഗത്ത് ശ്രദ്ധേയയാണ്. തലശ്ശേരി രൂപത മാത്യവേദിയുടെ മികച്ച കർഷക അവാർഡ്, പായം പഞ്ചായത്ത് വനിത കർഷക അവാർഡ്, കെ.സി.ബി.സി വനിത കർഷക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടി.എസ്.എസ് ട്രസ്റ്റ് സെക്രട്ടറിയായി നാല് വർഷം സേവനമനുഷ്ഠിച്ച ഇവർ മഹിളാ മാതൃവേദി വൈസ് പ്രസിഡന്റായിരുന്നു. പായം സ്വദേശിനിയായ നിത ഷാജിയാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന നിത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ മാടത്തിൽ ഡിവിഷനിൽ മത്സരിച്ചിരുന്നു.