അകക്കണ്ണിലെ ദൃശ്യം വേദിയിൽ അവതരിപ്പിച്ച് എ ഗ്രേഡ്

Saturday 06 December 2025 3:51 PM IST

ആറ്റിങ്ങൽ: കാഴ്ചയില്ലെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെയാണ് കൃഷ്ണ പ്രസാദിന് മിമിക്രി.ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയിൽ എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കാണികളുടെ കൈയടിയിൽ ഒന്നാമനായി.തിരുവനന്തപുരം എസ്.എൻ വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കൃഷ്ണപ്രസാദിന് ജന്മനാ കാഴ്ചശക്തിയില്ല. മൃദംഗ വായനയിലും മിമിക്രിയിലും മികവ് പുലർത്തുന്ന കൃഷ്ണപ്രസാദ് കരുനാഗപള്ളി തഴവ കൃഷ്ണ വേണിയിൽ അദ്ധ്യാപക ദമ്പതിമാരായ സുഗുണന്റെയും ജയലക്ഷ്മിയുടെയും മകനാണ്.പിതാവ് സുഗുണനും അന്ധനാണ്.പ്രകൃതി ശബ്ദങ്ങൾ,വാഹനങ്ങൾ,ട്രെയിൻ,ആപ്പിൾ കടിക്കുമ്പോഴുള്ള ശബ്ദം എന്നിവ പ്രമേയങ്ങളായി.