തിയേറ്ററിലെ അശ്ലീല ദൃശ്യങ്ങൾക്ക് ചോദിക്കുന്നത് 25000 രൂപ വരെ , ചോർത്തിയതോ ഹാക്ക് ചെയ്തതോ എന്നതിൽ അന്വേഷണം
തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി ടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ സൈബർ പൊലീസ് തിയേറ്റർ ജീവനക്കാരുടെ മൊഴിയെടുക്കും. സി.സി ടിവി ദൃശ്യങ്ങൾ ചോർത്തിയതാണോ ഹാക്ക് ചെയ്തതാണോയെന്നാണ് അന്വേഷിക്കുന്നത്. പരാതി നൽകിയ കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധുവിനോട് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
സി.സി ടിവി ദൃശ്യങ്ങൾ പ്രചരിക്കുന്ന സൈറ്റുകളുടെ ലിങ്ക്, ടെലഗ്രാം, എക്സ് അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ നൽകാനാണ് ആവശ്യപ്പെട്ടത്. സംഭവത്തിൽ കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ആഭ്യന്തര സമിതി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണിത്.കെ.എസ്.എഫ്.ഡി.സി നൽകുന്ന വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കും.
കൈരളി, ശ്രീ, നിള എന്നി തിയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലും എക്സ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇരിപ്പിടങ്ങളിലെ കെ.എസ്.എഫ്.ഡി.സി ലോഗോയും തിയേറ്ററുകളുടെ വാട്ടർമാർക്കും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെയ്ഡ് സൈറ്റുകളിലാണ് വീഡിയോകളുള്ളത്. ടെലഗ്രാമിൽ ഇതിന്റെ ലിങ്കുകളുണ്ടെന്നും ഡൗൺലോഡ് ചെയ്യാൻ പണമടയ്ക്കണമെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലുള്ളത്. 25,000 രൂപ വരെ വാങ്ങുന്നവരുമുണ്ട്.
ദൃശ്യങ്ങൾ ക്ലൗഡിൽ നിന്ന് ഹാക്ക് ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തിയറ്റിൽനിന്ന് ചോർത്തിയതാണോയെന്നും ഏതെങ്കിലും ജീവനക്കാർക്ക് പങ്കുണ്ടോയെന്നുമാണ് അന്വേഷിക്കുന്നത്. സി.സി ടിവി സ്ഥാപിച്ച കെൽട്രോണിനോട് പിഴവ് സംഭവിച്ചതെവിടെയെന്ന് കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്. സംഭവം പുറത്തായതിന് പിന്നാലെ മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം സി.സി ടിവികളുടെയും ക്ലൗഡിന്റെയും പാസ്‌വേർഡും മാറ്റി.