സമവാക്യം തെറ്റിക്കാൻ പുതിയ ഡിവിഷൻ: എടക്കാട് സോണലിൽ മുന്നണികളുടെ ബലാബലം 

Friday 05 December 2025 9:41 PM IST

കണ്ണൂർ: കോർപ്പറേഷനിലെ എടക്കാട് സോണലിലെ പത്തു ഡിവിഷനുകളിലും നടക്കുന്നത് കരുത്തുറ്റ പോരാട്ടം. പുതുതായി രൂപീകരിച്ച കാഞ്ഞിര ഡിവിഷൻ ഇതുവരെയുള്ള ബലാബലത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ യു.ഡി.എഫ് ആറും എൽ.ഡി.എഫ് മൂന്ന് ഡിവിഷനുകളാണ് ഈ സോണലിൽ നേടിയത്. എന്നാൽ ഇത്തവണ കാഞ്ഞിര ഡിവിഷന്റെ രൂപീകരണം സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമെന്ന സ്ഥിതിയാണ്.ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഡിവിഷനുകളിലാണ് കൂടുതലും മാറ്റമുണ്ടാകുക. തിരിച്ചടികൾ നേരിടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ ഡിവിഷനിലെ മത്സരം ആവേശകരമാക്കിയിട്ടുണ്ട്.

യു.ഡി.എഫിന്റെ കൈവശമുള്ള ആറ്റടപ്പ ഡിവിഷനിൽ ഇത്തവണ എൽ.ഡി.എഫ് വലിയ ഭീഷണി ഉയ‌ർത്തുന്നുണ്ട്.കഴിഞ്ഞ തവണ 217 വോട്ടിന് മാത്രമായിരുന്നു യു.ഡി.എഫ് ജയം. എം.പ്രിയ (എൽ.ഡി.എഫ്), കെ.ഹസീന (യു.ഡി.എഫ്), സ്മിത ജയശീലൻ (ബി.ജെ.പി) എന്നിവർ തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഡിവിഷനിൽ.

ചാലയിൽ ചതുഷ്കോണ മത്സരം മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ 259 വോട്ടിന് വിജയിച്ച ചാല ഡിവിഷനിൽ യു.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. പി.കെ.പ്രീതയാണ് യു.​ഡി.എഫ് സ്ഥാനാർത്ഥി. എം.വി.ജിനി (എൽ.ഡി.എഫ്), ടി.ജ്യോതി (ബി.ജെ.പി) എന്നിവർക്ക് പുറമെ പി.കെ.രാഗേഷ് വിഭാഗത്തിൽ നിന്നും ഷൈദ പ്രവീണും മത്സരിക്കുന്നു. ഷൈദയുടെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് നിർണായകമാകാനാണ് സാദ്ധ്യത.

എടക്കാട് നിലനിർത്താൻ എൽ.ഡി.എഫ് എൽ.ഡി.എഫ് 174 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച എടക്കാട്ടിൽ ടി.പ്രശാന്തിനെയാണ് മുന്നണി ഇക്കുറി ഇറക്കിയത്. കെ.വി.അഖിൽ (യു.ഡി.എഫ്), എം.ഗിരീഷ് (ബി.ജെ.പി) എന്നിവർ തമ്മിലുള്ള ത്രികോണ പോരാട്ടത്തിൽ ഓരോ വോട്ടും നിർണ്ണായകമാണ്.

ഏഴര തിരിച്ചെടുക്കാൻ എൽ.ഡി.എഫ് യു.ഡി.എഫ് 174 വോട്ട് ഭൂരിപക്ഷത്തിൽ നേടിയ ഏഴര ഡിവിഷൻ തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ടി.പി.ഫസ്ലീം (യു.ഡി.എഫ്), കെ.പി.ആരിഫ് (എൽ.ഡി.എഫ്), പി.സി. സനിൽ (ബി.ജെ.പി), റഫ്നാസ് (എസ്.ഡി.പി.ഐ), മുഹമ്മദ് പള്ളചാലിൽ (സ്വതന്ത്രൻ) എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

.

ആലിങ്കിൽ യു.ഡി.എഫ് ശക്തികേന്ദ്രം

324 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ആലിങ്കിൽ ഡിവിഷൻ നിലനിർത്തുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്. കെ. സുധാകരൻ എം.പിയുടെ ബന്ധുവായ അഡ്വ.സോന ജയറാമാണ് മുന്നണി സ്ഥാനാർത്ഥി. വി.ശ്രുതി (എൽ.ഡി.എഫ്), ടി.രഞ്ജിനി (ബിജെപി) എന്നിവരാണ് എതിരാളികൾ. പാരമ്പര്യ കോൺഗ്രസ് ശക്തികേന്ദ്രമായ ആലിങ്കിലിൽ യു.ഡി.എഫ് ഭയാശങ്കകളിലാതെയാണ് നിലവിൽ പ്രചാരണം തുടരുന്നത്.

കീഴുന്നയിൽ യു.ഡി.എഫിന് അപരഭീഷണി യു.ഡി.എഫ് 186 വോട്ട് ഭൂരിപക്ഷത്തിൽ നേടിയ കീഴുന്ന ഡിവിഷനിൽ ഇത്തവണത്തെ മത്സരം പ്രവചനാതീതമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.ശ്രുതിക്ക് അപരയായി കെ.വി.ശ്രുതിയെന്ന സ്വതന്ത്രയുടെ ഭീഷണിയുണ്ട്. പി.സുബിത (എൽ.ഡി.എഫ്), എ.ജയലക്ഷ്മി (ബിജെപി) എന്നിവരും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

തോട്ടടയിൽ കത്തുന്ന പ്രചാരണം എൽ.ഡി.എഫിന് കേവലം 83 വോട്ടിന് മാത്രം നഷ്ടപ്പെട്ട ഡിവിഷനാണ് തോട്ടട. ഇക്കുറി ഏതുവിധേനയും തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ് പ്രചാരണം. ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫും ആഞ്ഞുപിടിക്കുന്നുണ്ട്. ഉഷ അരവിന്ദ് (യു.ഡി.എഫ്),പി.സുനില (എൽ.ഡി.എഫ്), സി.എച്ച്. വിജിത (ബി.ജെ.പി) എന്നിവർ തമ്മിലുള്ള പോരാട്ടം അതിശക്തമാണ്.

ആദികടലായിയിൽ പ്രസ്റ്റീജ് മത്സരം എൽ.ഡി.എഫ് വിജയിച്ച ഡിവിഷനിൽ ഇത്തവണത്തെ മത്സരം ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ് യു.ഡി.എഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റിക്ക് കനത്ത വെല്ലുവിളിയുമായി മുസ്ലീംലീഗ് പ്രവർത്തകൻ വി.മുഹമ്മദലി രംഗത്തെത്തിയത് മത്സരത്തെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. എം.കെ.ഷാജി (എൽ.ഡി.എഫ്), സായൂജ് യു.കെ (ബിജെപി), മുബഷീർ ടി.കെ (എസ്.ഡി.പി.ഐ), കെ.പവിത്രൻ (സ്വതന്ത്രൻ) എന്നിവരും മത്സരിക്കുന്നു. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ 447 വോട്ട് നേടി ശക്തി തെളിയിച്ച വാർഡു കൂടിയാണിത്.

പ്രതീക്ഷകളുടെ കാഞ്ഞിര പുതുതായി രൂപം കൊണ്ട കാഞ്ഞിര ഡിവിഷനിൽ മുന്നണികൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. പി.മഞ്ജുഷ (എൽ.ഡി.എഫ്), മുഹ്സിന ഫൈസൽ (യു.ഡി.എഫ്), പി.പി.സുലോചന (ബി.ജെ.പി) എന്നിവരാണ് ഇവിടെ പോരാട്ടത്തിൽ.ത്രികോണ മത്സരത്തിന്റെ ഫലം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കും.

എൽ.ഡി.എഫിന്റെ ശക്തി ദുർഗം കുറുവ എൽ.ഡി.എഫ് ശക്തികേന്ദ്രമായ കുറുവയിൽ ടി.കെ.പ്രദീപൻ മാസ്റ്ററെയാണ് മുന്നണി രംഗത്തിറക്കിയിരിക്കുന്നത്. എ.മിത്രൻ (യു.ഡി.എഫ്), ടി.സുനേഷ് (ബി.ജെ.പി),ബി.നർഷാദ് (എസ്.ഡി.പി.ഐ ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.