കാണാമറയത്ത്...
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 10,000ത്തിലധികം കുട്ടികളിൽ 500ലധികം കുട്ടികളെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 2018 മുതൽ 2023 വരെ രാജ്യത്ത് 6.14 ലക്ഷം കുട്ടികളെ കാണാതായതിൽ 3.81 ലക്ഷം പേരെയാണ് കണ്ടെത്തിയത്. 2.33 ലക്ഷം കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. പശ്ചിമബംഗാൾ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായിട്ടുള്ളത്. കേരളത്തിൽ 10,125 കുട്ടികളെ കാണാതായതിൽ 9,518 കുട്ടികളെ മാത്രമാണ് വീണ്ടെടുത്തത്. 607 കുട്ടികൾ ഇപ്പോഴും എവിടെയാണെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. കുട്ടികളെ കാണാതാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ കുടുംബ സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികൾ നിർബന്ധിതരാവാറുണ്ട്. ഓരോ എട്ട് മിനിറ്റിലും ഇന്ത്യയിൽ ഒരു കുട്ടിയെ വീതം കാണാതാവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഇതിൽ കുട്ടികളെ ഉപേക്ഷിക്കുക, പ്രകൃതി ദുരന്തങ്ങൾ മൂലം കുട്ടികളെ കാണാതാവുക എന്നിവയും ഇതിൽ ഉൾപ്പെടും.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും 40,000 കുട്ടികളെയാണ് ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. ഇതിൽ 11,000ത്തോളം കുട്ടികളെ തിരികെ ലഭിച്ചിട്ടില്ല. എൻ.ജി.ഒകളുടെ കണക്ക് പ്രകാരം 12,000 മുതൽ 50,000 വരെ സ്ത്രീകളും കുട്ടികളും അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്. മോശപ്പെട്ട ജീവിത സാഹചര്യങ്ങൾ കൊണ്ടും ശിഥിലമായ കുടുംബാന്തരീക്ഷം മൂലവും നാട് വിടുന്നവരുണ്ട്. മാത്രമല്ല, അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാർക്കൊപ്പം നാട് വിടുന്നവരുമുണ്ട്. പ്രണയത്തിൽ കുടുങ്ങി വീട് വിട്ടുപോകുന്നവരാണ് കൂടുതൽ. ചിലരെ തട്ടിക്കൊണ്ടുപോകുന്നു. കാണാതാകുന്ന കുട്ടികളിൽ പലരും ഭിക്ഷാടന മാഫിയകളുടെ കൈകളിലെത്തുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.
കൊല്ലം ഓയൂരിൽ നിന്നുള്ള ആറ് വയസുകാരിയായ അബിഗേൽ സാറയെ കാണാനില്ലെന്നറിഞ്ഞതോടെ കേരള സമൂഹം ഒന്നടങ്കം നടത്തിയ ഇടപെടൽ മാതൃകാപരമായിരുന്നു. ജ്യേഷ്ഠനൊപ്പം ട്യൂഷന് പോകും വഴിയാണ് അബിഗേലിനെ തട്ടിക്കൊണ്ടു പോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയും കൊല്ലം ഈസ്റ്റ് പൊലീസ് കുട്ടിയെ ആശ്രമം മൈതാനത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസം പ്രതികളെ പിടികൂടി.
മാതാപിതാക്കളോട് പിണങ്ങി തിരുവനന്തപുരത്ത് നിന്നു വീടുവിട്ടിറങ്ങുകയും 40 മണിക്കൂറിന് ശേഷം വിശാഖപട്ടണത്തെ മലയാളി സമൂഹം കണ്ടെത്തി രക്ഷിക്കുകയും ചെയ്ത അസാം സ്വദേശിയായ 13കാരി തസ്മിത് തംസി മറ്റൊരു ഉദാഹരണം. ക്ഷീണിതയായ പെൺകുട്ടിയെ ട്രെയിനിൽ നടത്തിയ തെരച്ചിലിൽ മലയാളി അസോസിയേഷൻ പ്രവർത്തരാണ് കണ്ടുപിടിച്ച് ആർ.പി.എഫിന് കൈമാറിയത്.
ഇന്നും കാണാമറയത്ത്
കുട്ടികളുമായി ബന്ധപ്പെട്ട തിരോധാനക്കേസിൽ കേരളം ഏറെ ചർച്ച ചെയ്ത മറ്റൊന്ന് ആലപ്പുഴ സ്വദേശിയായ രാഹുലിന്റെതാണ്. 2005 മേയ് 18ന് വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയ ഏഴു വയസുകാരൻ രാഹുൽ ഇതുവരെയും തിരിച്ച് വന്നിട്ടില്ല. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന്, സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും ഒരു തുമ്പ് പോലും ലഭിച്ചില്ല. 2013ൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ചോദ്യം ചെയ്ത് ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന്, രാഹുലിനെ തേടി സി.ബി.ഐ വീണ്ടുമിറങ്ങി. രാഹുൽ തിരോധാനവുമായി ബന്ധപ്പെട്ട് ഇനി ഒരു അന്വേഷണവും ബാക്കിയില്ലെന്ന് 2015ൽ സി.ബി.ഐ കോടതിയെ ബോധിപ്പിക്കുകയും ചെയ്തതോടെ അന്വേഷണത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
കരുതൽ വേണം
കുട്ടികളുടെ കാര്യമെടുത്താൽ, അവർക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അറിയാത്ത ഒരു വ്യക്തിയുമായി എത്രത്തോളം ഇടപെടൽ നടത്താമെന്ന് കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കണം. കൂടാതെ അവരിൽ നിന്ന് മിഠായിയോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നും അവർ ചിലപ്പോൾ നമ്മളെ ഉപദ്രവിക്കാനിടയുണ്ടെന്നുമുള്ള ധാരണ ഉണ്ടാക്കിയെടുക്കണം. പരിചയമില്ലാത്ത ഒരാൾ കൂടെ വരാൻ നിർബന്ധിച്ചാൽ ഇല്ല എന്ന് പറയാൻ അവരെ പ്രാപ്തരാക്കണം.
ഇന്ന് സമൂഹമാദ്ധ്യമങ്ങളും കാണാതാവുന്നവരെ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ, ചിലരെ കണ്ടുകിട്ടിയിട്ടും കാണാതായി എന്ന തരത്തിൽ ആ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വീണ്ടും പ്രചരിക്കാറുണ്ട്. കുട്ടികളെ കാണാതായാൽ സാമൂഹികമായ ഇടപെടൽ നടത്തി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പൊലീസ് സംവിധാനം കാര്യക്ഷമമായി ശ്രമിക്കണം. ഒപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങളിൽ അബിഗേൽ സാറ കേസിലെപ്പോലെ ജനങ്ങൾക്ക് വീണ്ടും മാതൃക തീർക്കാം.