വലച്ച് ഇൻഡിഗോ ,​ കൊള്ളയടിച്ച് മറ്റ് എയർലൈനുകൾ

Saturday 06 December 2025 12:16 AM IST

ന്യൂഡൽഹി/ മലപ്പുറം: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദായി നൂറുകണക്കിന് യാത്രക്കാർ വലയവേ നിരക്ക് കുത്തനേ കൂട്ടി മറ്റ് എയർലൈനുകളുടെ പിടിച്ചുപറി. ആറിരട്ടിവരെയാണ് കൂട്ടിയത്.

ഇന്നലെ ഡൽഹി - തിരുവനന്തപുരം റൂട്ടിൽ എയർ ഇന്ത്യ 83,000 രൂപയാണ് ഈടാക്കിയത്. കുറ‍ഞ്ഞ നിരക്ക് 44,​000 രൂപയും. കൊച്ചി,​ കോഴിക്കോട്,​ കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സമാനമായ സ്ഥിതിയാണ്. സാധാരണ ദിവസങ്ങളിൽ 6,​000 - 8,​000 രൂപയാണ് നിരക്ക്.

ഡൽഹി,​ ബംഗളൂരു,​ മുംബയ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ടിക്കറ്റില്ല. നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 83,​500 രൂപ നൽകണം. കൊച്ചിയിലേക്ക് 42,​000 രൂപയും. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കും 18,​000 രൂപയാണ്. മുബയിൽ നിന്ന് അരലക്ഷം രൂപ.

അതിനിടെ,​ പൈലറ്റ്മാർക്ക് വിശ്രമം കർശനമാക്കിയ ഉത്തരവിൽ ഡി.ജി.സി.എ ഭാഗിക ഇളവു നൽകി. ക്രൂ അംഗങ്ങൾക്ക് ആഴ്ചതോറുമുള്ള വിശ്രമത്തിന് പകരമായി അവധി നൽകരുതെന്ന നിർദ്ദേശം പിൻവലിച്ചു. നിബന്ധനകളിൽ പ്രതിഷേധിച്ച് പൈലറ്റുമാരുൾപ്പെടെ ഡ്യൂട്ടിയിൽ നിന്ന് മാറിനിന്നതാണ് ഇൻഡിഗോ സർവീസ് താറുമാറാക്കിയത്.

യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി രണ്ടു ഘട്ടമായിട്ടാണ് (ജൂൺ, നവംബർ) ഡി.ജി.സി.എ ഡ്യൂട്ടി സമയപരിധി നടപ്പാക്കിയത്. പൈലറ്റുമാർക്ക് 36 മണിക്കൂറിന് പകരം 48 മണിക്കൂർ വിശ്രമം. രാത്രി 12 മുതൽ രാവിലെ 6 വരെ നാലിന് പകരം രണ്ടു ലാൻഡിംഗ് മാത്രം.

ഇന്നലെ പ്രമുഖ വിമാനത്താവളങ്ങളിൽ നിന്നുളള 550 ഇൻഡിഗോ സർവീസുകളാണ് മുടങ്ങിയത്. ഡൽഹിയിൽ നിന്നുള്ള എല്ലാ സർവീസും റദ്ദാക്കി. ഇൻഡിഗോ കൗണ്ടറുകളിൽ നീണ്ട ക്യൂ രൂപപ്പെട്ടു. ജീവനക്കാർ കൈമലർത്തിയതോടെ തർക്കം സംഘർഷാവസ്ഥയിലെത്തി. ലഗേജ് കിട്ടാനും മണിക്കൂറുകൾ കാക്കേണ്ടിവന്നു. ഭക്ഷണവും വെള്ളവും ഇരിപ്പിടവും കിട്ടാതെയും വലഞ്ഞു. വിമാനത്താവളത്തിൽ ഭക്ഷണത്തിന് തീ വിലയാണ്.

തോന്നും പോലെ

വർദ്ധിപ്പിക്കാം

ടിക്കറ്റ് നിരക്ക് നിയന്ത്രണം വ്യോമയാന വകുപ്പിന്റെയോ,​ ഡി.ജി.സി.എയുടെയോ​ കീഴിൽ വരുന്നില്ല. വിമാന കമ്പനികൾക്ക് ഫ്ലക്സി നിരക്കിന്റെ മറവിൽ തോന്നും പോലെ വർദ്ധിപ്പിക്കാനാവും

യാത്രക്കാർക്ക്

പൂർണ റീഫണ്ട്

യാത്രക്കാരോട് ഇൻഡിഗോ ക്ഷമാപണം നടത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് ലഘുഭക്ഷണം നൽകും. ടിക്കറ്റിന്റെ പണം പൂർണമായി റീഫണ്ടു ചെയ്യും. ഇല്ലെങ്കിൽ അടുത്ത ഫ്ളൈറ്റ് ലഭിക്കുന്നത് വരെ ഹോട്ടൽ താമസം.

കേരളത്തിൽ കൂട്ടത്തോടെ റദ്ദാക്കി ഇന്നലെ കൊച്ചിയിൽ നിന്നുള്ള 11 ഇൻഡിഗോ വിമാനങ്ങൾ ഏറെ വൈകി. കുവൈറ്റ്, റായ്പൂർ, ഹൈദരാബാദ്, ചെന്നൈ സ‌ർവീസുകൾ റദ്ദാക്കി. തിരുവന്തപുരത്ത് ആറ് വിമാനങ്ങൾ വൈകിയപ്പോൾ നാലെണ്ണം റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള അബുദാബി, ദമാം, ദുബായ്, ഹൈദരാബാദ് വിമാനങ്ങളും റദ്ദാക്കി. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഇക്കാര്യം അറിയുന്നത്. ഭക്ഷണ,​താമസ സൗകര്യങ്ങൾക്ക് കൈയിൽ നിന്ന് പണം മുടക്കിയെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

.