തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
Saturday 06 December 2025 12:26 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. നഗരസഭ പ്രദേശമായ ലോകമലേശ്വരം തിരുവള്ളൂർ ഉണിച്ചിരിയാട്ട് ഷെമീർ (37), സമീപത്തെ മേലേഴത്ത് ബാബു (54) എന്നിവർക്കാണ് പരിക്കേറ്റത്. ഷെമീറിന് ചുണ്ടിനും മുഖത്തുമാണ് പരിക്ക്. വൈകീട്ട് വീടിന്റെ മുമ്പിലുള്ള റോഡരികിൽ നിൽക്കുന്നതിനിടയിൽ തെരുവുനായ മുഖത്തേക്ക് ചാടി കടിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഖത്തേറ്റ കടിയെ തുടർന്ന് പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു. ബാബുവിന് തെരുവുനായയുടെ നഖം കൊണ്ട് പോറലേറ്റ പരിക്കാണ്. ഇയാൾ കൊടുങ്ങല്ലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.