തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്
തൃശൂർ: തലങ്ങും വിലങ്ങും പായുന്ന മൈക്ക് പ്രചാരണം. പുലർച്ചെ മുതൽ ആരംഭിക്കുന്ന വോട്ടഭ്യർത്ഥന. കവല പൊതുയോഗങ്ങളിൽ സംസ്ഥാന നേതാക്കളെ ഇറക്കി പ്രസംഗം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് നാലു നാൾ ബാക്കിനിൽക്കെ പ്രചാരണം അവസാന ലാപ്പിലേക്ക്. ചൊവ്വാഴ്ച്ച നടക്കുന്ന കൊട്ടികലാശത്തിന് മുമ്പ് തന്നെ പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറങ്ങി അടിയൊഴുക്ക് തങ്ങൾക്കനുകൂലമാക്കാനുള്ള അവസാന ഓട്ടത്തിലാണ് മുന്നണികളെല്ലാം. സ്ഥാനാർത്ഥികളുടെ പ്രചാരണം രാത്രി വരെ നീളും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾ അവസാനഘട്ടത്തിലാണ്. പൊതുയോഗങ്ങളിൽ നേതാക്കൾ പ്രാദേശിക വിഷയങ്ങൾക്കൊപ്പം രഹുൽ മാങ്കുട്ടത്തിൽ വിഷയവും ചൂടുപിടിപ്പിക്കുന്നുണ്ട്. ഒപ്പം ശബരിമല വിഷയവും പ്രചരണായുധമാണ്. കൊട്ടികലാശം പ്രാദേശിക തലത്തിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. വാദ്യമേളങ്ങളും കാവടിയും ബാന്റും ഉൾപ്പെടുത്തി ഇഞ്ചോടിഞ്ച് മത്സരിക്കാനാണ് പദ്ധതി. കോർപറേഷൻ കൊട്ടികലാശം നഗരത്തിൽ തന്നെയായിരിക്കും. ഒരോ മുന്നണികൾക്കും പ്രത്യേക സ്ഥലങ്ങൾ നൽകിയായിരിക്കും പൊലീസ് ഇത് ക്രമീകരിക്കുക.
മുഖ്യമന്ത്രിയും ഖുശ്ബുവും ബിനോയ് വിശ്വവും ജില്ലയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് പ്രചാരണത്തിന് എത്തും. ഇന്നലെ രാത്രിയോടെ രാമനിലയത്തിൽ എത്തിയ മുഖ്യമന്ത്രി ഇന്ന് രാവിലെ 11 ന് തൃശൂർ പ്രസ് ക്ലബ്ബിന്റെ വോട്ട് വൈബിൽ പങ്കെടുക്കും. വൈകിട്ട് ശക്തനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കും. എൽ.ഡി.എഫിന് വേണ്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഇന്ന് എൽ.ഡി.എഫിന്റെ പൊതുയോഗങ്ങളിലും വോട്ട് വൈബിലും പങ്കെടുക്കും. നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു ഇന്ന് ജില്ലയിൽ എത്തും. എൻ.ഡി.എയുടെ റോഡ് ഷോയിൽ പങ്കെടുക്കും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഇന്നലെ ജില്ലയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അടൂർ പ്രകാശ്, എം.വി.ഗോവിന്ദൻ മാസ്റ്റർ , രാജീവ് ചന്ദ്രശേഖർ, കെ.മുരളീധരൻ, വി.എം.സുധീരൻ തുടങ്ങി നിരവധി നേതാക്കൾ പ്രചാരണത്തിന് എത്തി.