അഗ്‌നിരക്ഷാസേനയിൽ പുതുതായി 97 അംഗങ്ങൾ, പാസിംഗ് ഔട്ട് പരേഡ് നടത്തി

Saturday 06 December 2025 12:00 AM IST

തൃശൂർ: വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 97 പേർ അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി. ഇന്നലെ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ സല്യൂട്ട് സ്വീകരിച്ചു. പുതിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ കഴിവും ആത്മാർത്ഥതയും പ്രകടിപ്പിച്ച് കേരള അഗ്‌നിരക്ഷാസേനയ്ക്ക് അഭിമാനമാകണമെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌നിക്കൽ ഡയറക്ടർ എം. നൗഷാദ്, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമി ഡയറക്ടർ എം.ജി. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ റെനി ലൂക്കോസ്, എ.എസ്.ജോഗി എന്നിവർ പങ്കെടുത്തു. അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ എസ്.എൽ.ദിലീപ് പരിശീലനാർഥികൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 37 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 42ാമത് ബാച്ചിലെ 19 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 34ാമത് ബാച്ചിലെ 37 ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാർ, നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്ന് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 98ാമത് സബ് ഓഫീസേഴ്‌സ് കോഴ്‌സിലെ നാലുപേർ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.