മോദി-പുട്ടിൻ ഉച്ചകോടി : റഷ്യൻ ആയുധഭാഗം ഇന്ത്യയിൽ നിർമ്മിക്കും
ന്യൂഡൽഹി: മെയ്‌ക്ക് - ഇൻ - ഇന്ത്യ പദ്ധതിക്കു കീഴിൽ റഷ്യൻ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സ്പെയർ പാർട്‌സും മറ്റും നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാനും അവ ഇവിടെ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ധാരണ. ഇന്ത്യ - റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. യു.എസ് താരിഫ് തർക്കങ്ങൾക്കിടെ, റഷ്യയുമായുള്ള വ്യാപാരം 10000 കോടി ഡോളർ (100 ബില്യൺ ഡോളർ) ആയി ഉയർത്താനും ധാരണ. നിലവിൽ 6400 കോടി യു.എസ് ഡോളറാണ്.
2030 വരെയുള്ള സാമ്പത്തിക സഹകരണ പരിപാടിക്ക് അന്തിമരൂപം. ഇന്ത്യ-യുറേഷ്യ സാമ്പത്തിക യൂണിയൻ സ്വതന്ത്ര വ്യാപാര മേഖലയ്‌ക്കുള്ള നീക്കം ശക്തമാക്കും.
റഷ്യൻ സഹായത്തോടെയുള്ള രണ്ടാം ആണവ നിലയത്തിന് സ്ഥലം കണ്ടെത്തും. കൂടംകുളം ആണവ നിലയത്തിലെ പിന്തുണ തുടരും.
ഇന്ത്യയ്ക്ക് തുടർന്നും പെട്രോളിയം ഉത്പന്നങ്ങൾ നൽകുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചു. പെട്രോളിയം ഇടപാട് ഡോളറിനെ പൂർണമായും ഒഴിവാക്കി രൂപ - റൂബിൾ കറൻസിയിൽ നടത്തും. നിലവിൽ 96 ശതമാനം ഇത്തരത്തിലാണ്. ഡോളറിന്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയ്ക്ക് വൻലാഭമാണ്.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക അധിക ചുങ്കം ചുമത്തുകയും ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ് പലവട്ടം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതിനെ തിരസ്കരിക്കുന്നതാണ് പുട്ടിന്റെ പ്രഖ്യാപനം.
ഇന്നലെ രാവിലെ 11മണിക്ക് രാഷ്ട്രപതി ഭവനിൽ പുടിന് ആചാരപരമായ വരവേൽപ് ലഭിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഹൈദരാബാദ് ഹൗസിൽ ഉച്ചകോടിക്കെത്തിയത്. വൈകിട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി റഷ്യയിലേക്ക് മടങ്ങി.
പ്രതിരോധ ഇടപാടിൽ പ്രഖ്യാപനമില്ല
എസ്-400, എസ്-500 വ്യോമപ്രതിരോധം, സുഖോയ് 57 യുദ്ധവിമാനം എന്നിവ ഇന്ത്യ വാങ്ങുന്നത് ചർച്ചയായി. പ്രഖ്യാപനം നടത്തിയില്ല. അരനൂറ്റാണ്ടായി തുടരുന്ന തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാൻ തീരുമാനിച്ചെന്ന് പുട്ടിൻ
മനുഷ്യ ബഹിരാകാശ യാത്ര അടക്കമുള്ള പദ്ധതികളിൽ ഐ.എസ്.ആർ.ഒയും റഷ്യൻ റഷ്യൻ ഏജൻസി റോസ്‌കോസ്‌മോസും തമ്മിലുള്ള മെച്ചപ്പെട്ട പങ്കാളിത്തം വർദ്ധിപ്പിക്കും.
ഉപഗ്രഹ നാവിഗേഷൻ, ഗ്രഹ പര്യവേക്ഷണം തുടങ്ങി സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശം ഉപയോഗിക്കാനുള്ള പദ്ധതികളിൽ സഹകരിക്കും. റോക്കറ്റ് എൻജിൻ വികസനം, ഉൽപ്പാദനം, ഉപയോഗം എന്നിവയിലുള്ള സഹകരണം തുടരും.