പലിശയിൽ വീണ്ടും ആശ്വാസം, റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു
Saturday 06 December 2025 12:53 AM IST
കൊച്ചി: വായ്പയെടുത്ത ലക്ഷങ്ങൾക്ക് ആശ്വാസം. മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം കുറച്ച് ആർ.ബി.ഐ. 5.25 ശതമാനമാണ് പുതിയ നിരക്ക്. ഭവന, വാഹന, വ്യക്തിഗത, സ്വർണ, കോർപ്പറേറ്റ് വായ്പകളുടെ പലിശ ബാങ്കുകൾ കുറയ്ക്കും. നടപ്പു വർഷം നാല് തവണയായി മുഖ്യ പലിശ നിരക്ക് 1.25 ശതമാനമാണ് കുറച്ചത്.
നാണയപ്പെരുപ്പം വിലയിരുത്തി പലിശ ഇനിയും കുറയ്ക്കാനാകുമെന്ന് ധനനയ രൂപീകരണ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നാണയപ്പെരുപ്പം ഒക്ടോബറിൽ 0.25 ശതമാനമായി താഴ്ന്നതും ജി.ഡി.പി ജൂലായ്-സെപ്തംബറിൽ 8.2 ശതമാനം വളർച്ച നേടിയതും കണക്കിലെടുത്താണ് തീരുമാനം. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്താൻ വിപണിയിൽ 1,600 കോടി ഡോളറിന്റെ അധിക പണം ലഭ്യമാക്കും.