കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ, ഉനൈസുമായി ചേർന്ന് ഹോട്ടലിൽ 'ബിസിനസ്'; കയ്യോടെ പിടികൂടി ഡാൻസാഫ്

Friday 05 December 2025 11:09 PM IST

കൊച്ചി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 22 ഗ്രാം എംഡിഎംഎ പിടികൂടി. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നതാണെന്നും ഉനൈസ് ഇതിന് മുമ്പും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ച ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിംഗ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്ന് കണ്ടെത്തി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം, ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വി. രാജീവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.