ഇ.വി.എം കമ്മീഷനിംഗ് പൂർണം
ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) കമ്മീഷനിംഗ് പൂർത്തിയായി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് വിവിധ കേന്ദ്രങ്ങളിലെത്തി കമ്മീഷനിംഗ് നടപടികൾ പരിശോധിച്ചു. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബലുകൾ മെഷീനുകളിൽ ചേർത്ത് പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. ത്രിതല പഞ്ചായത്തുകളിലേക്കും, നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതത് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്നത്.
വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമ പഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്.