എങ്ങും തിരഞ്ഞെടുപ്പ് ചൂട്, നാളെ കൊട്ടിക്കലാശം
ആലപ്പുഴ: മൂന്നുദിവസം മാത്രം ശേഷിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ, നാടും നഗരവും ആവേശത്തിലാണ്. ജില്ലയിലെ നഗരസഭകളിലും ഗ്രാമ- ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ അവസാനഘട്ടത്തിലെത്തി. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചരണത്തിലും മുന്നണികൾ കടുത്ത മത്സരത്തിലാണ്. വാർഡ്, ബൂത്ത് അടിസ്ഥാനത്തിലുള്ള സ്വീകരണങ്ങൾക്കൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുൾപ്പെടെ സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും ഇടതു മുന്നണി പ്രചരണം കൊഴുപ്പിക്കുമ്പോൾ, ശബരിമല സ്വർണക്കൊള്ളയും സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണ് പ്രതിപക്ഷ കക്ഷികളുടെ പ്രചരണ വിഷയം. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ആറ് നഗരസഭകളടക്കം ജില്ലയിലെ നഗരങ്ങളും നാട്ടിൻപുറങ്ങളും തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ചു മറിയുകയാണ്.
റാലികളും റോഡ് ഷോയും
സ്ഥാനാർത്ഥികളെയും പരമാവധി പ്രവർത്തകരെയും പങ്കെടുപ്പിച്ച് ഇന്നലെ പഞ്ചായത്ത് അടിസ്ഥാനത്തിൽ റാലികൾ നടത്തിയ ഇടതു മുന്നണി ഇന്ന് വാർഡ് അടിസ്ഥാനത്തിലുള്ള റാലികളും റോഡ് ഷോകളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കെ.സി.വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കോർ കമ്മിറ്റി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. റോഡ് ഷോയുൾപ്പെടെ വോട്ടെടുപ്പ് ദിവസം വരെയുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇ.വി.എം പാറ്റേണുകളുമായി വീടുകൾ കയറി വോട്ട് ഉറപ്പാക്കാൻ നിർദ്ദേശം നൽകി.
മൈക്ക് അനൗൺസ്മെന്റുകളും ജാഥകളും പ്രകടനങ്ങളുമായി ഇരുമുന്നണികൾക്കുമൊപ്പം കളം കൊഴുപ്പിക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെയും നീക്കം. എൻ.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസും പ്രചരണ രംഗത്ത് സജീവമാണ്