'നോവ'യെ തിരികെ കിട്ടി ആതിരയ്ക്ക് ആഹ്ളാദം
ആലപ്പുഴ: കഴിഞ്ഞദിവസം രാത്രി ആലപ്പുഴ നഗരത്തിലെ കൈചൂണ്ടി ജംഗ്ഷൻ ഒരു സ്നേഹസംഗമത്തിന് വേദിയായി. കാണാതായ ഒന്നരവയസ്സുകാരൻ നോവയെ കണ്ടെത്തിയ മുഹൂർത്തമായിരുന്നു അത്. കൊമ്മാടി സ്വദേശി ആതിരയും കുടുംബവും ഓമനിച്ചുവളർത്തുന്ന പോമറേനിയൻ നായക്കുട്ടിയാണ് നോവ.
കാണാതായി അഞ്ചാം ദിനമാണ് നോവയെ ഉടമയ്ക്ക് തിരികെ കിട്ടിയത്. നവംബർ 27ന് പുലർച്ചെ വീട്ടിൽ നിന്ന് കാണാതായനോവയെ തേടി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആതിര സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. തിങ്കളാഴ്ചരാത്രി കൈചൂണ്ടി മുക്കിലെ അലീന ജുവലറി ഉടമ എബി തോമസ് റോഡരികിൽ ഫോൺ ചെയ്ത് നിൽക്കുമ്പോൾ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലേക്ക് നീങ്ങുന്ന നോവ കണ്ണിലുടക്കി.
ശബ്ദം വെച്ച് നായയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആഹാരവും വെള്ളവും നൽകി. സുഹൃത്തിനോട് വിവരം പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ നായയെ തേടിയുള്ള പ്രചരണത്തിന്റെ കാര്യം എബി അറിഞ്ഞത്. തുടർന്ന്, സോഷഞ്ഞയ മീഡിയ പോസ്റ്റിൽ നിന്ന് ലഭിച്ച നമ്പരിൽ ഉടമയായ ആതിരയെ വിവരമറിയിച്ചു. അനുജത്തിയുടെ മകൾ റിതികയുമായി ആതിര ഓടിയെത്തി. നോവയെ കണ്ടപ്പോഴേക്കും പൊട്ടിക്കരഞ്ഞു. മുമ്പ് വീട്ടിലുണ്ടായിരുന്ന ഡിങ്കു എന്ന ഏഴ് വയസ്സുള്ള നായയുടെ വിയോഗം ആതിരയുടെ അമ്മ രേണുകയ്ക്ക് വളരെ വിഷമമായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം ഒന്നര വർഷം മുമ്പാണ് മുപ്പത് ദിവസം മാത്രം പ്രായമുണ്ടായിരുന്ന നോവയെ വീട്ടിലെത്തിച്ചത്. നായക്കുട്ടിയെ തിരികെ ലഭിച്ച ശേഷമാണ് മനസ് തുറന്ന് ചിരിക്കാൻ സാധിച്ചതെന്ന് ആതിര പറഞ്ഞു. ആതിര ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമാണ് നായക്കുട്ടിയെ കണ്ടെത്തിയത്. ഒരുപക്ഷേ തന്റെ മണം പിടിച്ചാവും നോവ അവിടെവരെയെത്തിയതെന്നാണ് ആതിര കരുതുന്നത്.