ജനവിധി പ്രതീക്ഷയിൽ 'നിർഭയന്റെ' അമ്മ
കായംകുളം: ഇന്ത്യയിലെ ഏറ്റവും നിർഭയനായ മനുഷ്യൻ (ദി മോസ്റ്റ് ഫിയർലെസ് മാൻ) എന്ന് മുൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വിശേഷിപ്പിച്ച ലഫ്.കേണൽ ഋഷി രാജലക്ഷ്മിയുടെ മാതാവിന്റെ കന്നിമത്സരം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
മുതുകുളം വടക്ക് മണി ഭവനത്തിൽ രാജലക്ഷ്‌മിയാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ ചൂളത്തെരുവ് ഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധിതേടുന്നത്.
സഹകരണ വകുപ്പിൽ നിന്ന് അസി.രജിസ്ട്രാറായി വിരമിച്ച രാജലക്ഷ്മി, രാഷ്ടീയ പരമ്പ്യര്യമുള്ള കുടുംബത്തിലെ അംഗമാണ്. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദിന്റെ സഹോദരൻ ബി.വേണുപ്രസാദിന്റെ ഭാര്യയാണ് രാജലക്ഷ്മി. ഋഷിയുടെ അമ്മയെന്ന നിലയിൽ ജനങ്ങൾ സ്നേഹത്താൽ വീർപ്പുമുട്ടിക്കുകയാണന്ന് അവർ പറയുന്നു.
എൽ.ഡി.എഫിന്റെ ഗീതാശ്രീജിയും എൻ.ഡി.എയുടെ എസ്.സവിതയും മത്സര രംഗത്ത് സജീവമാണ്.
രാജ്യത്തിന്റെ മുഖം
രക്ഷിച്ച സൈനികൻ
രാജ്യത്തിനായി സ്വന്തംമുഖം ബലിയർപ്പിച്ച മാസ്ക് ധരിച്ച സൈനികൻ എന്നും അറിയപ്പെടുന്ന ലഫ്.കേണൽ ഋഷി, മാതാവിനോടുള്ള അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായിട്ടാണ് രാജലക്ഷ്മി എന്ന
പേരുകൂടി തനിക്കൊപ്പം ചേർത്തത്. 2017 മാർച്ചിൽ പുൽവാമയിൽ നടന്ന സൈനിക ഓപ്പറേഷനിടെയാണ് ഭീകരരുടെ വെടിയേറ്റ് മുഖത്തിന് ഗുരുതരമായി പരിക്കേറ്റത്.മൂക്കിലും മുഖത്തും താടിയെല്ലിനും വെടിയേറ്റെങ്കിലും പോരാട്ടം തുടർന്ന് ഭീകരനെ വധിച്ച് വിജയം നേടി. 28ലധികം ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും മുഖത്തെ പരിക്കുകൾ ഭേദമായില്ല. അതിനാലാണ് മാസ്ക് ധരിക്കുന്നത്.
മുഖംതകർന്നിട്ടും രാജ്യത്തിന്റെ മുഖം രക്ഷിക്കാൻ സൈനിക സേവനം തുടരുന്ന അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സൈനിക പരിശീലന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. കഴിഞ്ഞ കായംകുളം ജലോത്സവം ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.