കേരളത്തിലെ എസ്ഐആ‍ർ നീട്ടി, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Friday 05 December 2025 11:45 PM IST

തിരുവനന്തപുരം : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ)​ തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി. എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരാഴ്ത നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കമ്മിഷന്റെ തീരുമാനം. കരട് പട്ടിക 23നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും.

നേരത്തെ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവ പൂർ‌വം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദ്ദേശം നൽകിയിരുന്നു. എസ്. ഐ.ആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിയി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടുന്നതിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയത്. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചി നിർദ്ദേശം നൽകിയത്.