എസ്.ഐ.ആറിലെ ജോലിസമ്മർദ്ദം

Saturday 06 December 2025 1:45 AM IST

ജോലിഭാരം എന്നത് പലപ്പോഴും,​ നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ ചുമതലപ്പെട്ട ജോലികളുടെ അളവല്ല,​ അത് ഏല്പിക്കുന്ന അളവറ്റ മാനസിക സമ്മർദ്ദത്തിന്റെ കടുപ്പമായിരിക്കും. പൂർത്തിയാക്കാൻ ബാക്കിയുള്ള ജോലിയെക്കുറിച്ച് മേലധികാരിയുടെ നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ,​ കൃത്യസമയത്ത് ജോലി തീർത്തില്ലെങ്കിൽ നേരിടേണ്ടിവരുന്ന ഔദ്യോഗിക നടപടികളെക്കുറിച്ചും,​ നിയമ നടപടികളെക്കുറിച്ചുമുള്ള ഭീഷണി കലർന്ന സമ്മർദ്ദങ്ങൾ... ഇതെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം താങ്ങാനുള്ള കരുത്ത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഉത്കണ്ഠയും നിരാശയും മുതൽ ആത്മഹത്യവരെ എത്തുന്നതാണ് ഇതിന്റെ പ്രത്യാഘാതം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ)​ ജോലികൾക്ക് നിയുക്തരായ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒമാർ) ജോലിഭാരവും,​ സമ്മർദ്ദം താങ്ങാനാകാതെ പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥർ ജീവനൊടുക്കുന്നതിന്റെ വാർത്തകളും കുറച്ചുനാളായി സജീവ ചർച്ചയാണ്. ​

എസ്.ഐ.ആർ നടപ്പാക്കുന്ന കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് എത്തിയ പരാതികളെ തുടർന്നാണ് വിവര ശേഖരണത്തിനും,​ ഈ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള സമയപരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈയിടെ ഒരാഴ്ച നീട്ടിനല്കിയത്. ഇതിനു പുറമേയാണ്,​ ബി.എൽ.ഒമാരുടെ അദ്ധ്വാനഭാരം ലഘൂകരിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച നിർദ്ദേശം നല്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് ജീവനക്കാർക്ക് ഒഴിഞ്ഞുമാറാനാകില്ലെങ്കിലും,​ അതിന്റെ പേരിൽ അവരെ സമ്മർദ്ദത്തിലാക്കുന്ന നടപടികൾ അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞത് ശ്രദ്ധേയമാണ്. എസ്.ഐ.ആർ ജോലികൾ നിർവഹിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആരോഗ്യപരമോ മറ്റോ ആയ കാരണങ്ങൾ വ്യക്തമാക്കി ജീവനക്കാരൻ അപേക്ഷ നല്കിയാൽ നിർബന്ധബുദ്ധി വെടിഞ്ഞ്,​ കാരണങ്ങൾ ന്യായമെന്ന് ബോദ്ധ്യപ്പെട്ടാൽ അയാളെ ഒഴിവാക്കി,​ പകരം മറ്റൊരാളെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നാണ് സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

എസ്.ഐ.ആർ ജോലികളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം കാരണം ഇതുവരെ നാല്പതോളം ജീവനക്കാർ പലേടത്തായി ആത്മഹത്യ ചെയ്തതായാണ് കണക്ക്. തമിഴ്നാട്ടിൽ,​ ഇങ്ങനെ ജീവനൊടുക്കിയവരിൽ അധികവും അങ്കണവാടി ജീവനക്കാരും അദ്ധ്യാപകരും ആണെന്നാണ് ഇതുസംബന്ധിച്ച്,​ തമിഴ് നടൻ വിജയ് നേതൃത്വം നല്കുന്ന ടി.വി.കെ എന്ന രാഷ്ട്രീയകക്ഷി നല്കിയ ഹ‌ർജിയിൽ പറയുന്നത്. ബംഗാളിലും ഉത്തർപ്രദേശിലുമാണ്

എസ്.ഐ.ആർ സമ്മർദ്ദവുമായി ബന്ധപ്പെട്ട് കൂടുതൽ ആത്മഹത്യാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, ഈ ആത്മഹത്യകൾക്കെല്ലാം കാരണം ജോലിസമ്മർദ്ദം ആണെന്ന് രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കുന്നതാണെന്നും ആക്ഷേപമുണ്ട്. കുടുംബപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഉണ്ടാകുന്ന ആത്മഹത്യകൾ പോലും എസ്.ഐ.ആറുമായി ബന്ധപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്നവരാണെന്നാണ് അവരുടെ വാദം.

എല്ലാ രാഷ്ട്രീയവും മാറ്റിവച്ചാലും, എസ്.ഐ.ആർ ജോലികൾ നിർവഹിക്കേണ്ടിവരുന്നവർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് തർക്കമില്ല. വോട്ടർ പട്ടിക പരിഷ്കരണ ജോലികൾ തുടരുന്ന കേരളം ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കാണ്. ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ടതില്ലാത്ത വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ജോലികൾ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ നീട്ടിവയ്ക്കണമെന്ന ആവശ്യം കേരളം നേരത്തേ മുതൽ ഉയർത്തുന്നതാണ്. എന്തായാലും,​ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ അധികം ജീവനക്കാരെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നല്കിയ നിർദ്ദേശം ആശ്വാസപ്രദം തന്നെയാണ്. എന്നാൽ,​ തുടർനടപടി സ്വീകരിക്കേണ്ട സംസ്ഥാന സർക്കാർ ഇതിൽ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു എന്നത് പ്രധാനമാണ്. എസ്.ഐ.ആർ ജീവനക്കാരുടെ സമ്മർദ്ദം ഒഴിവാക്കാൻ കോടതി നിർദ്ദേശപ്രകാരമുള്ള നടപടി ഒരുമണിക്കൂർ മുമ്പെങ്കിൽ അത്രയും നേരത്തേ സ്വീകരിക്കേണ്ടതാണ്.