കലാകിരീടം സൗത്തിന്
ആറ്റിങ്ങൽ: കലോത്സവത്തിന്റെ അവസാന ദിവസം പാലോടും തിരുവനന്തപുരം സൗത്തും നോർത്തുമെല്ലും ലീഡുകൾ മാറിമാറി നേടിയതിനൊടുവിൽ ജില്ലയുടെ കലാകിരീടം തിരുവനന്തപുരം സൗത്ത് തൂക്കി.
അഞ്ചുനാൾ നീണ്ട കലോത്സവത്തിൽ നാലുദിവസവും ലീഡ് ചെയ്ത പാലോട്,അവസാന ദിവസം അത് നിലനിറുത്താനായില്ല.പാലോട് 936 പോയിന്റുമായി രണ്ടാം സ്ഥാനത്തായി.
ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരം നോർത്ത് 935 പോയിന്റുമായി മൂന്നാമതാണ് ഫിനിഷ് ചെയ്തത്. നാലാംസ്ഥാനം കിളിമാനൂരും (878),അഞ്ചാം സ്ഥാനം ആറ്റിങ്ങലും (847) നേടി.
സ്‌കൂളുകളുടെ വിഭാഗത്തിൽ ആദ്യദിവസം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയ നന്ദിയോട് എസ്.കെ.വി.എച്ച്.എസ് ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി ഉയർത്തി.335 പോയിന്റാണ് ഗ്രാമപ്രദേശത്തെ ഈ സ്കൂളിന്റെ സമ്പാദ്യം. തുടർച്ചയായി മികച്ച സ്കൂളിനുള്ള കപ്പ് നേടുന്ന വഴുതക്കാട് കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ രണ്ടാം സ്ഥാനത്തായി- 253 പോയിന്റ്.
219 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനം നേടി.നാടു മുഴുവൻ
മിമിക്രി, മോണോആക്ട്, യക്ഷഗാനം, നാടൻപാട്ട്, കഥകളി സംഗീതം, മാർഗംകളി എന്നീ മത്സരങ്ങളാണ് ഇന്നലെ നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം നാടുമുഴുവൻ കൊഴുക്കുന്നതിനിടയിലാണ് കലോത്സവം നടന്നത്. പക്ഷെ, പകിട്ടു കുറയാതിരിക്കാൻ സംഘാടകർ ശ്രദ്ധിച്ചു.
രണ്ടാംദിനം മുതൽ മത്സരഫലങ്ങളെ ചൊല്ലി നടന്ന കലഹം പലപ്പോഴും പരിധിവിട്ടതാണ് കല്ലുകടിയായത്.അവസാനദിവസമായ ഇന്നലെയും നാടൻപാട്ട് മത്സരഫലത്തെ ചൊല്ലി ബഹളം നടന്നു. ഒന്നാം സമ്മാനത്തിന് അർഹതയുണ്ടെന്നുപറഞ്ഞ് നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിലെയും പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികൾ ചെണ്ടകൊട്ടിയും നാടൻപാട്ട് പാടിയും പ്രതിഷേധിച്ചു.