'ജീവിതത്തിലെ വലിയ ആദരങ്ങളിലൊന്ന്'; ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് സമ്മാനിച്ചു

Saturday 06 December 2025 12:25 AM IST

വാഷിംഗ്ടൺ: ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അർഹനായി. ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിൽ ട്രംപ് പുരസ്‌കാരം സ്വീകരിച്ചു. ഫിഫ ആദ്യമായാണ് ഇങ്ങനെയൊരു പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ ചർച്ച നടത്താനുള്ള ശ്രമങ്ങളെ പിന്തുണച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായുള്ള ട്രംപിന്റെ അടുത്ത ബന്ധം, പുരസ്‌കാരം ലഭിക്കുമെന്ന സദ്ധ്യതകൾ ഉയർത്തിയിരുന്നു. ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച ഇടപെടലിനെ തുടർന്നാണ് പുര്സാരം നൽകുന്നതെന്ന് ഫിഫ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണയും സ്ഥാനമേറ്റത് മുതൽ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം തനിക്ക് നൽകണമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആഗോളതലത്തിൽ ഉയർന്നുവന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതതിന്റെ അംഗീകാരമായി സമാധാന നൊബേൽ വേണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. എന്നാൽ, കഴിഞ്ഞ നൊബേൽ പുരസ്‌കാര പ്രഖ്യാപനത്തിൽ ട്രംപിനെ പരിഗണിച്ചില്ല. ഇതിനിടയിലാണ് ലോകകപ്പിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിനിടെ ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം സമ്മാനിക്കുന്നത്. ജീവിതത്തിലെ വലിയ ആദരങ്ങളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചു