രത്തൻ ടാറ്റയുടെ വളർത്തമ്മ സിമോൺ ടാറ്റ അന്തരിച്ചു
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വളർത്തമ്മയും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ അമ്മയുമായ സിമോൺ ടാറ്റ (95) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ജനീവയിൽ ജനിച്ചുവളർന്ന സിമോൺ 1953ൽ വിനോദ സഞ്ചാരിയായാണ് ഇന്ത്യയിലെത്തുന്നത്. 1955ൽ നവൽ ടാറ്റയുമായി വിവാഹം. നവൽ ടാറ്റയുടെ ആദ്യ വിവാഹത്തിലെ മകനാണ് രത്തൻ ടാറ്റ. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ സിമോൺ 1962ൽ ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലാക്‌മെയിൽ മാനേജിംഗ് ഡയറക്ടറായി.
ലാക്‌മെയെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. നോയൽ, ഭാര്യ ആലു മിസ്ത്രി, കൊച്ചുമക്കളായ നെവിൽ, മായ, ലിയ എന്നിവർ സിമോണിനൊപ്പമായിരുന്നു താമസം. 2022ൽ സൈറസ് മിസ്ത്രിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഏക ടാറ്റ കുടുംബാംഗമെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. സിമോണിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് മുംബയ്‌യിൽ നടക്കും.
ലാക്‌മെ, ലോകോത്തര
ബ്രാൻഡ്
1987ൽ ടാറ്റ ഇൻഡസ്ട്രീസ് ബോർഡിലെത്തിയ സിമോൺ 1982ൽ ലാക്‌മെ ചെയർപേഴ്സണായി. 20 വർഷം ലാക്മെയിൽ സേവനമനുഷ്ഠിച്ചു. ലാക്‌മെയെ ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡാക്കി മാറ്റിയത് സിമോണാണ്. ഇന്ത്യൻ സ്ത്രീകൾ പാശ്ചാത്യ മേക്കപ്പ് ബ്രാൻഡുകൾക്കായി ഏറെ തുക ചെലവഴിക്കുന്നതിനാൽ ഒരു മേക്കപ്പ് ബ്രാൻഡ് ആരംഭിക്കാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവശ്യപ്പെട്ടതനുസരിച്ചാണ് ടാറ്റ ഗ്രൂപ്പ് 1952ൽ ലാക്‌മെ സ്ഥാപിച്ചത്. 1998ൽ ലാക്‌മെയെ ഹിന്ദുസ്ഥാൻ യൂണിലിവർ ഏറ്റെടുത്തു.