സ്വരാജ് കൗശലിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മിസോറാം മുൻഗവർണറും മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഭർത്താവുമായ സ്വരാജ് കൗശലിന്റെ (73) ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു. മകളും എം.പിയുമായ ബൻസുരി സ്വരാജാണ് ഗഡ് മുക്തേശ്വറിലെത്തി കർമ്മം നിർവഹിച്ചത്. നാളെ അനുശോചന യോഗം നടത്തും. നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് സ്വരാജ് കൗശൽ അന്തരിച്ചത്.
1952 ജൂലായ് 12ന് ഹിമാചൽ പ്രദേശിലെ സൊളാനിൽ ജനിച്ച അദ്ദേഹം. 1975ലാണ് സുഷമാ സ്വരാജിനെ വിവാഹം കഴിച്ചത്. 1990- 93 കാലത്താണ് സ്വരാജ് മിസോറാം ഗവർണറായത്. ഗവർണർ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. ഹരിയാന വികാസ് പാർട്ടിയെ പ്രതിനിധാനംചെയ്ത് രണ്ട് തവണ രാജ്യസഭാംഗവുമായി. 1986ൽ മിസോറാം സമാധാനക്കരാർ ഒപ്പുവയ്ക്കുന്നതിൽ സ്വരാജ് കൗശൽ പ്രധാന പങ്കുവഹിച്ചു.
വ്യാഴാഴ്ച വൈകിട്ട് ലോധി റോഡ് ശ്മശാനത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു.